കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിന് എതിരായ പോലീസ് അതിക്രമത്തില്‍ ഒളിച്ചുകളി തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. മര്‍ദ്ദിച്ച പോലീസുകാര്‍ക്കതിരെ നടപടിയില്ല. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഡിവൈസ്പി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇനിയും വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ഇന്നലെ പേരാമ്പ്രയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. ഷാഫി പറമ്പില്‍ എം.പിയെ ആക്രമിച്ച പോലീസുകാരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. കാക്കി കുപ്പായമിട്ടു നടക്കാന്‍ ഉളുപ്പില്ലേ എന്നദ്ദേഹം ചോദിച്ചു. ഭരണത്തണലില്‍ ഏത് അക്രമവും നടത്താന്‍ സിപിഎമ്മിനും അതിന് കുടപിടിക്കാന്‍ കേരള പോലീസിനും യാതൊരു മടിയുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇത്തരം നിലപാടുകള്‍ സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.