ALL KERALA PROTEST| ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായ അക്രമം: സംസ്ഥാന വ്യാപക പ്രതിഷേധം

Jaihind News Bureau
Friday, October 10, 2025

ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായ അക്രമത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രതിഷേധം അരങ്ങേറി. സ്വര്‍ണക്കൊള്ളയില്‍ പല തെളിവുകളും മൂടിവയ്ക്കാനാണ് സിപിഎം, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലീസ് മൗനാനുവാദം നല്‍കുകയായിരുന്നു. പോലീസിന്റെ കാടത്ത മനോഭാവത്തിനെതിരെയും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ടി. സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തിലാണ് കോഴിക്കോട് നഗരത്തില്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടന്നത്.

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും വന്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സെക്രട്ടറിയേറ്റ് മാര്‍ച്ചിലും പോലീസ് ലാത്തിവീശി. കൊല്ലം ചവറയില്‍ പേലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

ആലപ്പുഴ ദേശീയപാത ഒരു മണിക്കൂറായി ഉപരോധിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. വന്‍ പോലീസന്നാഹം ഇവിടെ നില ഉറപ്പിച്ചിട്ടുണ്ട്. പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി യെയും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനെയും കിരാതമായി മർദിച്ച സിപിഎം പോലീസ് കൂട്ടുകെട്ടിനെതിരെ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ദേശീയപാതയിലെ ബൈപാസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്റ് ഡോ. എംപി പ്രവീൺ ആദ്യക്ഷത വഹിച്ചു. കെ പി സിസി ജനറൽ സെക്രട്ടറി എ എ ഷുകൂർ ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ അധ്യക്ഷത വഹിച്ചു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് പ്രധിഷേധ പ്രകടനം നടത്തുന്നു.

ഷാഫി പറമ്പില്‍ എംപിക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഇരിയിട്ടിയിലും പ്രതിഷേധം നടത്തി.

ഷാഫി പറമ്പിൽ എം.പിക്കും ഡി.സി.സി പ്രസിഡന്റ്‌ അഡ്വ കെ പ്രവീൺകുമാറിനുമെതിരെ പേരാമ്പ്രയിൽ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി സംസ്‌ഥാന പാത ഉപരോധിച്ചു.

ഷാഫി പറമ്പിൽ എം.പിക്കെതിരായ അക്രമം: കണ്ണൂർ തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി റോഡ് ഉപരോധിച്ചു.