തിരുവനന്തപുരം: കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് അതിക്രമത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധ സമരങ്ങള്‍ ഇന്നും തുടരും. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യു.ഡി.എഫും വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടക്കും. കോഴിക്കോടും പേരാമ്പ്രയിലും ഇന്ന് നടക്കുന്ന പ്രതിഷേധ സംഗമങ്ങളില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
ഷാഫി പറമ്പിലിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രാത്രി സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
കൂടാതെ, ആലപ്പുഴയിലും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ചവറയിലും കരുനാഗപ്പള്ളിയിലും ശക്തമായ പ്രതിഷേധ സമരങ്ങളാണ് കഴിഞ്ഞ രാത്രി നടന്നത്.
പൊലീസ് നടപടിയില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഷാഫി പറമ്പില്‍ എം.പി.യെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതിനാലാണ് ശസ്ത്രക്രിയ വേണ്ടിവന്നത്.