തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിക്കെതിരെ പേരാമ്പ്രയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഷാഫി പറമ്പിലിനെ യാതൊരു മര്യാദയുമില്ലാതെയാണ് പൊലീസ് തല്ലിയത്. സി.പി.എമ്മിന് എല്ലാ ഒത്താശയും നല്‍കിക്കൊണ്ട് പൊലീസ് കൃത്യവിലോപം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘സി.പി.എമ്മിന്റെ പ്രകടനത്തിന് പൊലീസ് അനുമതി നല്‍കി, എന്നാല്‍ യു.ഡി.എഫിന്റെ പ്രകടനം ആരംഭിച്ചപ്പോള്‍ തടഞ്ഞു. സി.പി.എമ്മിന് സംരക്ഷണം നല്‍കി യു.ഡി.എഫ് യോഗത്തെ കലക്കാനാണ് പൊലീസ് ശ്രമിച്ചത്. സംഘര്‍ഷം ഉണ്ടായപ്പോള്‍ തടയാനാണ് ഷാഫി പറമ്പില്‍ എം.പി. അങ്ങോട്ട് പോയത്. എന്നാല്‍ ഒരു എം.പി.യെ യാതൊരു മര്യാദയുമില്ലാതെയാണ് പൊലീസ് തല്ലിയത്,’ മുരളീധരന്‍ പറഞ്ഞു.
സി.പി.എമ്മിന് എന്തും ചെയ്യാം, കോണ്‍ഗ്രസിന് പ്രതിഷേധം നടത്തിക്കൂടാ എന്ന നിലപാടാണ് സര്‍ക്കാരിന്റേത്. കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് ഡി.വൈ.എസ്.പി.യെ, ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് അയച്ചു എന്ന വാര്‍ത്തയും അതിന്റെ തുടര്‍നടപടികളിലെ മൗനവും മുരളീധരന്‍ ചോദ്യം ചെയ്തു. ‘മുഖ്യമന്ത്രിയുടെ മകന് ഇ.ഡി. നോട്ടീസ് അയച്ചു എന്ന വാര്‍ത്ത വന്നു. എന്നാല്‍ ആ നോട്ടീസിന് എന്ത് സംഭവിച്ചു എന്നറിയില്ല. ഇതേ സമയത്താണ് ഇന്ത്യ മുന്നണിയിലെ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നത്. പിണറായി വിജയന്‍ എന്‍.ഡി.എ. മുഖ്യമന്ത്രിയാണോ? ഇതിനൊക്കെ ജനം മറുപടി നല്‍കും,’ അദ്ദേഹം പരിഹസിച്ചു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയും ദേവസ്വം ബോര്‍ഡിനെതിരെയും അദ്ദേഹം ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ‘സ്വര്‍ണ്ണം മോഷ്ടിച്ചിട്ടും അയ്യപ്പനെ വിഴുങ്ങാണ്ടിരുന്നത് ഭാഗ്യം,’ അദ്ദേഹം പരിഹസിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനത്തിന്റെ അന്ന് മുതല്‍ ആചാരലംഘനം ഉണ്ടാകുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ഈ നടപടികള്‍ക്കിടയിലും ‘അയ്യപ്പ സംഗമം കുളമാക്കാനുള്ള നീക്കമാണ് നടക്കുന്നത്’ എന്ന് മുഖ്യമന്ത്രി നാണമില്ലാതെ പറയുന്നു എന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.