CPM ATTACK PERAMBRA| ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായ അക്രമം: പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്; നാളെ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും

Jaihind News Bureau
Friday, October 10, 2025

പോലീസ് ലാത്തിച്ചാര്‍ജില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി.ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനൊരുങ്ങുന്നു. പേരാമ്പ്രയിലെ സികെജി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. പോലീസ് നടപടിയില്‍ എം.പി.ക്ക് പുറമെ നിരവധി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

എം.പി.ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. കൂടാതെ, പ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ യു.ഡി.എഫ്. പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് രാത്രി 10 മണിയോടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫ്. നേതാക്കള്‍ പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെയും സി.പി.എം. അക്രമ രാഷ്ട്രീയത്തിനെതിരെയും ശക്തമായി രംഗത്തുണ്ട്.

പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുന്നതിനിടെയാണ് സി.പി.എം അക്രമം അഴിച്ചുവിട്ടത്. തടയാനെത്തി എന്ന വ്യാജേന പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.പി.ക്ക് പരിക്കേറ്റതോടെ കനത്ത പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിക്കെതിരെ യു.ഡി.എഫ്. ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.