രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് അവസാനമുണ്ടാവണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ഡല്‍ഹിയില്‍ പാര്‍ലമെന്റിനു പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഛത്തീസ്ഗഢില്‍ കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ അവര്‍ ചെയ്യാത്ത കുറ്റത്തിന് സ്ത്രീകളാണെന്ന് പരിഗണന പോലുമില്ലാതെ ദേഹോപദ്രവമേല്പിക്കുകയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും ഇത്തരം ആക്രമണങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നില്ല എന്നും തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് നടത്തുന്ന പി.ആര്‍. മാത്രമാണ് പല പ്രസ്താവനകളെന്നും അവര്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിനെ കൊണ്ട് നടപടിയെടുക്കാന്‍ കഴിയുന്ന വിധത്തില്‍ പൊതുജനങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാക്കണമെന്നും പാര്‍ലമെന്റിനു മുന്‍പില്‍ നടന്ന പ്രതിഷേധത്തിന് ശേഷം പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.