കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്കെതിരെ കയ്യേറ്റശ്രമം. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതിയാണ് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലാണ് സംഭവം. അതേസമയം പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ഡോക്ടർമാർ ആരോപിച്ചു. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഗാന്ധിനഗർ പോലീസ് വനിതാ ഡോക്ടറുടെ മൊഴി എടുത്തത്.
ഇന്നലെ പുലർച്ചെ ഏറ്റുമാനൂർ പോലീസ് സംഘം വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതിയാണ് അക്രമാസക്തനായത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പരിശോധനയ്ക്കിടെ പ്രതി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും പ്രതി ഭീഷണി മുഴക്കി. ഒടുവിൽ ആശുപത്രി ജീവനക്കാരാണ് പ്രതിയെ പിടികൂടി കെട്ടിയിട്ടത്. സംഭവത്തിൽ പോലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ആശുപത്രി ജീവനക്കാർ ആരോപിച്ചു. പ്രതിയെ ആശുപത്രിയിൽ ആക്കിയതിനു ശേഷം പോലീസുകാർ മടങ്ങി എന്നും പിന്നീട് ഇയാളെ ആശുപത്രിയിൽനിന്ന് കാണാതായെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
കൊട്ടാരക്കരയിൽ ഡോക്ടർ വന്ദനാദാസിന്‍റെ മരണത്തിന് പിന്നാലെ ഇത്തരത്തിൽ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുന്ന പ്രതികൾ ഡോക്ടർമാരെ കയ്യേറ്റം ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
വനിതാ ഡോക്ടർ പോലീസിൽ പരാതി നൽകിയിട്ടും പോലീസിന്‍റെ ഭാഗത്തുനിന്ന് നടപടി വൈകുന്നതായി ഡോക്ടർമാർ ആരോപിച്ചു. ഒടുവിൽ ഡോക്ടർമാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഗാന്ധിനഗർ പോലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജിൽ എത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഡോക്ടർമാരുടെ ജീവന് ഭീഷണി ഉണ്ടായിട്ടും വൈദ്യ പരിശോധനയ്ക്ക് എത്തിക്കുന്ന പ്രതികളെ യാതൊരു തരത്തിലുള്ള മുൻകരുതലുകളുമില്ലാതെ ആശുപത്രികളിൽ എത്തിക്കുന്നത് തുടരുന്നത് പോലീസിന്‍റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് ആശുപത്രി അധികൃതർ അടക്കം ചൂണ്ടിക്കാട്ടി.