ബിവറേജസ് കോര്‍പ്പറേഷനില്‍ ചട്ടലംഘനം ; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 53 പേരെ സ്ഥലംമാറ്റി, ഉത്തരവ് പുറത്ത്

Jaihind News Bureau
Sunday, March 14, 2021

 

തിരുവനന്തപുരം : ബിവറേജസ് കോര്‍പ്പറേഷനില്‍ ചട്ടം ലംഘിച്ച് സ്ഥലംമാറ്റം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. 53 പേരെയാണ് അടിയന്തരമായി സ്ഥലം മാറ്റി ബിവറേജസ് കോർപറേഷൻ ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിൻ്റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സ്ഥലംമാറ്റം പാടില്ലെന്നിരിക്കെയാണ് കെ.എസ്.ബി.സിയുടെ നടപടി എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.

കെ.എസ്.ബി.സി ഔട്ട്ലെറ്റുകളിൽ വരവ് ചിലവ് വർധിച്ചതിനാലും വെയർഹൗസുകളുടെയും ഔട്ട്‌ലെറ്റുകളുടെയും സുഗമമായ പ്രവർത്തനത്തിനും വേണ്ടിയാണ് അടിയന്തര സ്ഥലംമാറ്റം നടപടി എന്നാണ് കെഎസ്ബിസി ഉത്തരവിൽ പറയുന്നത്. എന്നാൽ ചിലരുടെ വ്യക്തി താൽപ്പര്യങ്ങൾ നടപ്പിലാക്കാനാണ് ഈ അടിയന്തര സ്ഥലംമാറ്റ നടപടി എന്നും പരാതിയുണ്ട്.

പെരുമാറ്റച്ചട്ടത്തിൻ്റെ ഗുരുതരമായ ലംഘനമാണ്  കെഎസ്ബിസിയുടെ നടപടിയെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. പെരുമാറ്റച്ചട്ടം നിലനിൽക്കെ സ്ഥലംമാറ്റം നടത്തിയ കെ.എസ് ബി.സിയുടെ നടപടിയിൽ വലിയ പ്രതിഷേധങ്ങളും ഉയരുകയാണ്.