അറസ്റ്റിലായവരോട് പോലീസിന്‍റെ മനുഷ്യാവകാശ ലംഘനം: പുലർച്ചെ വരെ കോണ്‍ഗ്രസ് പ്രവർത്തകരെ റോഡില്‍ നിർത്തി; പ്രതിഷേധം ശക്തം

Jaihind Webdesk
Tuesday, March 28, 2023

 

കണ്ണൂർ: ഹെഡ് പോസ്റ്റോഫീസ് മാർച്ചുമായി ബന്ധപ്പെട്ട് റിമാൻഡിലായ കോൺഗ്രസ് പ്രവർത്തകരോട് പോലീസിന്‍റെ കടുത്ത മനുഷ്യാവകാശ ലംഘനം. പോലീസ് റിമാൻഡ് ചെയ്ത 19 കോൺഗ്രസ് പ്രവർത്തകരെ പുലർച്ചെ വരെ ജയിലിനകത്ത് പ്രവേശിപ്പിച്ചില്ല. കോടതിയിൽ നിന്ന് റിമാൻഡിലായി മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സബ് ജയിലിനു മുന്നിൽ രാത്രി പതിനൊന്നു മണിയോടെ എത്തിച്ചെങ്കിലും 19 കോൺഗ്രസ് പ്രവർത്തകരെ ജയിലിന് അകത്തേക്ക് പ്രവേശിപ്പിക്കാതെ ജയിൽ കവാടത്തിനു മുന്നിലെ റോഡിൽ മണിക്കൂറുകളോളം നിർത്തി.

കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് മാർച്ചിൽ പങ്കെടുത്ത 25 കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 6 വനിതകളും ഉൾപ്പെടുന്നു. രാത്രി 10 മണിയോടെ കോടതി നടപടികൾ എല്ലാ പൂർത്തിയാക്കി വനിതകളെ കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നുള്ള വനിതാ ജയിലിലേക്ക് അയച്ചു. എന്നാൽ പുരുഷന്മാരായ കോൺഗ്രസ് പ്രവർത്തകരെ ആദ്യം പോലീസ് വാഹനത്തിൽ കയറ്റി കണ്ണൂർ സബ് ജയിലിലേക്കാണ് കൊണ്ടുവന്നത്. എന്നാൽ റിമാൻഡിലായവരെ മണിക്കൂറുകളോളം ജയിലിന് പുറത്തു നിർത്തി. കോടതിയിൽ നിന്ന് റിമാൻഡിലായി മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സബ് ജയിലിന് മുന്നിൽ എത്തിച്ചെങ്കിലും 19 കോൺഗ്രസ് പ്രവർത്തകരെ ജയിലിന് അകത്തേക്ക് പ്രവേശിപ്പിക്കാതെ ജയിൽ കവാടത്തിന് മുന്നിലെ റോഡിൽ നിർത്തുകയായിരുന്നു. തുടർന്ന് റിമാൻഡിലായവർ ജയിൽ കവാടത്തിലെ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.

കണ്ണൂർ സബ് ജയിലിൽ ഇത്രയും പേരെ പാർപ്പിക്കാൻ ഇടമില്ലെന്ന് ജയിലധികൃതർ പോലീസിനെ അറിയിച്ചു. മറ്റു നടപടികൾ സ്വീകരിക്കാതെ റിമാൻഡിലായവരെ റോഡിൽ തന്നെ ഇരുത്തി. സംഭവമറിഞ്ഞ് നിരവധി കോൺഗ്രസ് പ്രവർത്തകരും ജയിലിന് സമീപമെത്തി. എന്നാൽ പോലീസ് കാഴ്ചക്കാരായി നോക്കി നിന്നു. റിമാൻഡിലായ കോൺഗ്രസ് പ്രവർത്തകർ റോഡിൽ പ്രതിഷേധവും തുടർന്നു. തുടർന്ന്പ്രവർത്തകരെ പുലർച്ചെ മൂന്ന് മണിയോടെ സെൻട്രൽ ജയിലിന് സമീപത്തെ സ്‌പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി. പോലീസ് നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.