തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് വധശിക്ഷ ലഭിച്ചത്. തിരുവനന്തപുരം അഡീക്ഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപെടുവിച്ചത്. അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ നാലര പവന്റെ മാലയ്ക്കു വേണ്ടി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് തോവാള സ്വദേശിയാണ് പ്രതി രാജേന്ദ്രന്‍.
2022 ഫെബ്രുവരി 6 നായിരുന്നു കേസിനാസ്പദമായ സംഭവം. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍ മാലയ്ക്ക് വേണ്ടിയാണ് പ്രതി അതിക്രൂരമായി വിനീതയെ കൊലപ്പെടുത്തിയത്. ഇതിനു മുമ്പും സമാനമായ കൊലകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് പ്രതി. കന്യാകുമാരിയില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും വളര്‍ത്തു മകളെയും കൊലപ്പെടുത്തി പോലീസിന്റെ പിടയിലായിരുന്നു. തമിഴ്‌നാട് പോലീസ് കൃത്യമായി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതി ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ശേഷമാണ് കേരളത്തിലെത്തി തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഒരു ചായകടയില്‍ ജോലിക്ക് കയറുന്നത്. അവിടെ വച്ച് വിനീതയെ കൊലപ്പെടുത്തിയത്. അതിനാല്‍ സീരിയല്‍ കില്ലര്‍ സ്വഭാവമുള്ള ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമൊണ് പ്രോസിക്യൂഷന്‍ വാദിച്ചത്.