വിനായകന്‍ പൊതുശല്യം; സര്‍ക്കാര്‍ പിടിച്ചുകെട്ടി ചികിത്സിക്കണമെന്ന് മുഹമ്മദ് ഷിയാസ്

Jaihind News Bureau
Friday, August 8, 2025

നടന്‍ വിനായകന്‍ പൊതുശല്യമായി മാറിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകനെ സര്‍ക്കാരോ ബന്ധുക്കളോ ചികിത്സിക്കാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പൊതുജനം വഴിയില്‍ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു. ലഹരി വ്യാപനത്തിനെതിരെ നാളെ നടക്കുന്ന വാക്കത്തോണ്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കു വയ്ക്കാനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഷിയാസ് ഈ ആവശ്യം ഉന്നയിച്ചത്.

‘നടന്‍ വിനായകന്‍ ഒരു പൊതുശല്യമാണ്. വിനായകനെ സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി ചികിത്സിക്കണം. എല്ലാ കലാകാരന്മാര്‍ക്കും അപമാനമായി മാറിയിരിക്കുകയാണ് ഈ നടന്‍. എല്ലാത്തിനും പിന്നില്‍ ലഹരിയാണ്’ – ഷിയാസ് പറഞ്ഞു.

വിനായകന്‍ മുന്‍പ് യേശുദാസിനെയും അടൂര്‍ ഗോപാലകൃഷ്ണനെയും ഫേസ്ബുക്കിലൂടെ അപമാനിക്കുന്ന പ്രതികരണം നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണവേളയിലും അധിക്ഷേപകരമായ പോസ്റ്റ് വിനായകന്‍ പങ്കുവെച്ചിരുന്നു.

അടുത്തിടെ വിനായകന്‍ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍.എസ്. നുസൂര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് നഗ്‌നതാപ്രദര്‍ശനം നടത്തുക, അയല്‍വാസികളെ അസഭ്യം പറയുക തുടങ്ങിയവയും വിനായകന്റെ സ്ഥിരം പ്രവര്‍ത്തികളാണെന്ന് ഷിയാസ് ആരോപിച്ചു. ഒരു രാഷ്ട്രീയ നേതാവ് ഇതാദ്യമായാണ് വിനായകനെ സര്‍ക്കാര്‍ ചികിത്സിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്.