KUWJ| വിനായകന് വികല മനസ്; നടനെതിരെ കേസ്സെടുക്കണം: കെ.യു.ഡബ്ല്യു.ജെ

Jaihind News Bureau
Friday, August 8, 2025

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപ വര്‍ഷം നടത്തുന്ന നടന്‍ വിനായകനു വികല മനസ്സെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമപ്രവര്‍ത്തക ശ്രീമതി അപര്‍ണ കുറുപ്പിനെതിരായ നടന്റെ അധിക്ഷേപങ്ങള്‍ സ്ത്രീത്വത്തിനു നേരെയുള്ള അതിക്രമവും അങ്ങേയറ്റം അവഹേളനാപരവുമാണ്.

വാര്‍ത്താസംവാദങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളോടോ വിഷയങ്ങളോടോ വിയോജിപ്പുണ്ടെങ്കില്‍ മാന്യമായി അതു ചോദ്യം ചെയ്യുന്നതിനും പ്രതിഷേധം പ്രകടിപ്പിക്കുന്നതിനും വ്യവസ്ഥാപിത സംവിധാനങ്ങള്‍ ഉണ്ടായിരിക്കെ അതിനു മുതിരാതെ അധിക്ഷേപ വര്‍ഷത്തിനും അവഹേളനത്തിനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമപ്രവര്‍ത്തകരെ ഒന്നാകെ അധിക്ഷേപിക്കാനാണ് നടന്‍ ബോധപൂര്‍വം ശ്രമിച്ചിരിക്കുന്നത്. സമൂഹത്തില്‍ ആദരവ് അര്‍ഹിക്കുന്ന ഒരു നടന്‍ ഇത്തരം ഹീന പ്രയോഗങ്ങളിലൂടെ സ്വയം അപമാനിതനാവുകയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

കേരളം ഒന്നാകെ ആദരിക്കുന്ന ഉന്നത നേതാക്കളെ പോലും നിരന്തരം അധിക്ഷേപിക്കുന്നതു ശീലമാക്കിയ വിനായകന്‍ അതേ വികല ബുദ്ധിയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രയോഗങ്ങളും ആക്ഷേപങ്ങളുമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. സ്ത്രീകളെ അവഹേളിക്കുന്നതിനുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ ക്രിമിനല്‍ നടപടിക്ക് കേസെടുത്ത് വിനായകനെ അറസ്റ്റ് ചെയ്യണമെന്നും വനിത മാധ്യമപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെ പൊതുവായും മോശമായി ചിത്രീകരിച്ചതിനും അവഹേളിച്ചതിനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.