
ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന മൊഴി പുറത്ത്. കേസിൽ പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്ത ബോർഡ് മുൻ അംഗം എൻ. വിജയകുമാറാണ് പത്മകുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. ബോർഡിലെ എല്ലാ പ്രധാന തീരുമാനങ്ങളും പത്മകുമാറിന്റേതായിരുന്നുവെന്നും താൻ സഖാവ് പറഞ്ഞത് വിശ്വസിച്ച് മിനിറ്റ്സിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും വിജയകുമാർ മൊഴി നൽകി.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്ന കാര്യം ബോർഡ് യോഗത്തിൽ അറിയിച്ചതും തീരുമാനം എടുത്തതും പത്മകുമാറാണെന്ന് വിജയകുമാർ പറഞ്ഞു. “സഖാവ് പറഞ്ഞതനുസരിച്ച് മിനിറ്റ്സ് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടു. ഇതൊരു വലിയ സ്വർണ്ണക്കൊള്ള ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് അറിഞ്ഞിരുന്നില്ല,” വിജയകുമാർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. നേരത്തെ മറ്റൊരു അംഗമായിരുന്ന കെ.പി. ശങ്കർദാസും സമാനമായ മൊഴിയാണ് നൽകിയത്. ഇതോടെ പത്മകുമാറിന്റെ അറസ്റ്റിലേക്കുള്ള നീക്കങ്ങൾ അന്വേഷണസംഘം വേഗത്തിലാക്കി.
2019-ലെ ഭരണസമിതിയിൽ പത്മകുമാറിന് ഉണ്ടായിരുന്ന അപ്രമാദിത്വം ആരുടെ പിന്തുണയോടെയായിരുന്നു എന്ന ചോദ്യം ഇപ്പോൾ രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെടുന്നു. സി.പി.എം പ്രതിനിധികളായ മറ്റ് അംഗങ്ങളെപ്പോലും അറിയിക്കാതെ ഇത്തരം നിർണ്ണായക നീക്കങ്ങൾ പത്മകുമാർ നടത്തിയെങ്കിൽ, അതിന് സർക്കാരിലെ ഉന്നതരുടെ പിന്തുണ ഉണ്ടാകുമെന്ന് സി.പി.ഐ അടക്കമുള്ളവർ സംശയിക്കുന്നു. ഈ സാഹചര്യത്തിൽ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും സംശയനിഴലിലായിരിക്കുകയാണ്.