VIDYARAMBHAM| ഇന്ന് വിജയദശമി: അറിവിന്‍റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Jaihind News Bureau
Thursday, October 2, 2025

നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്. പ്രശസ്തമായ കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, മലപ്പുറത്തെ തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലുള്‍പ്പെടെ ഇന്ന് പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്താനുള്ള ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. പുലര്‍ച്ചെ 3 മണിക്ക് നട തുറന്ന ശേഷം 4 മണി മുതലാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കാനുള്ള ചടങ്ങുകള്‍ തുടങ്ങിയത്. മുഖ്യ തന്ത്രി നിത്യാനന്ദ അടികയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇരുപതിലധികം ഗുരുക്കന്മാരാണ് ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നത്.

ഭാഷാപിതാവിന്റെ മണ്ണായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭം ചടങ്ങുകള്‍ പുരോഗമിക്കുകയാണ് . വിജയദശമി ദിനമായ ഇന്ന് പുലര്‍ച്ചെ 5 മുതല്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ആരംഭിച്ചു. കൃഷ്ണശിലാ മണ്ഡപത്തിലും – സരസ്വതി മണ്ഡപത്തിലുമാണ് എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്നത്.

സരസ്വതി മണ്ഡപത്തിന് സമീപത്തായി ഉച്ചയ്ക്ക് 12.30 വരെ വിദ്യാരംഭ ചടങ്ങുകള്‍ തുടരും. വിദ്യാരംഭ ചടങ്ങുകളിലും ഇന്നലെ നടന്ന രഥോത്സവത്തിലും ആയിരക്കണക്കിന് മലയാളികളാണ് പങ്കെടുത്തത്. വൈകിട്ട് വിജയോത്സവത്തോടെയാണ് ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന് കൊല്ലൂര്‍ ക്ഷേത്രത്തില്‍ സമാപനമാവുക.