ആര്‍എസ്എസ് ഗണവേഷത്തില്‍ വിജയ്… ? കരൂര്‍ ദുരന്തത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡിഎംകെ: രാഷ്ട്രീയപ്പോര് മുറുകുന്നു

Jaihind News Bureau
Saturday, October 18, 2025

ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു. കരുരിലെ ദാരുണമായ ദുരന്തത്തില്‍ നടനും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ വിജയ്ക്ക് പരോക്ഷ വിമര്‍ശനവുമായി ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തി. ആര്‍എസ്എസ് ഗണവേഷത്തില്‍ ചോരയില്‍ കുളിച്ചുനില്‍ക്കുന്ന ചിത്രമടങ്ങിയ എക്‌സ് പോസ്റ്റിലൂടെയാണ് ഡിഎംകെ വിജയ്ക്കെതിരെ ആഞ്ഞടിച്ചത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷാള്‍ അണിഞ്ഞ്, ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറംതിരിഞ്ഞു നില്‍ക്കുന്ന ആളിന്റെ ഗ്രാഫിക്‌സ് ചിത്രമാണ് ഡിഎംകെ ഐടി വിങ് പുറത്തുവിട്ടത്. ചിത്രത്തില്‍ ചോരയുടെ നിറത്തില്‍ കൈപ്പത്തിയുടെ അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്.

ഡിഎംകെയുടെ പോസ്റ്റ് ഇങ്ങനെയാണ് :
‘കരൂരിലെ ദുരന്തത്തിനു ശേഷം ഇന്ന് 20 ദിവസമായി. ഒരു പാര്‍ട്ടിക്ക് ജനശ്രദ്ധ നേടാനും അനാവശ്യ പ്രചാരണം നടത്താനുമുള്ള ആഗ്രഹത്തില്‍, കരുരിലെ ദാരുണമായ ഒരു ദുരന്തത്തില്‍ തികച്ചും നിരുത്തരവാദിത്തപരമായും അശ്രദ്ധമായും പെരുമാറി. ഇന്നുവരെ, മരിച്ച നിരപരാധികളായ ആളുകളുടെ കുടുംബങ്ങളെ അദ്ദേഹം നേരിട്ട് സന്ദര്‍ശിക്കുകയോ ആശ്വസിപ്പിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്തിട്ടില്ല. ഈ മൗനം മരിച്ചവരുടെ കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇനിയും സമയമായില്ലേ, അതോ തിരക്കഥ തയ്യാറായില്ലേ, അതോ മനുഷ്യത്വം ആ പാര്‍ട്ടിയുടെ നിഘണ്ടുവില്‍ ഇല്ലാത്തതാണോ? സംരക്ഷണം ആവശ്യപ്പെട്ടിട്ടും നിഷേധിക്കപ്പെട്ടു എന്ന് നിങ്ങള്‍ നിങ്ങളുടെ ആരാധകരോട് പറഞ്ഞ അതേ കഥ തന്നെയാണോ ഇനിയും പറയാന്‍ പോകുന്നത്, ? എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ ചോദിക്കുന്നു.

കരൂര്‍ ദുരന്തത്തില്‍ വിജയ് ഇരകളെ അപമാനിക്കുകയാണെന്നാണ് ഡിഎംകെയുടെ പ്രധാന വിമര്‍ശനം. ദുരന്തം നടന്ന് 20 ദിവസമായിട്ടും വിജയ് കരുരിലെത്തിയില്ലെന്നും, ഇത് തിരക്കഥ ശരിയാകാത്തതുകൊണ്ടാണോ എന്നും ഡിഎംകെ പരിഹസിക്കുന്നു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്.

ഈ വിമര്‍ശനം വെറും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് എന്നതിലുപരി വലിയ രാഷ്ട്രീയ പ്രാധാന്യമാണ് അര്‍ഹിക്കുന്നത്. നടന്‍ വിജയ് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തി ടിവികെ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയും രൂക്ഷമായ ഒരു ആക്രമണം ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയ് ഡിഎംകെയ്ക്ക് ഒരു വെല്ലുവിളിയാകുമോ എന്ന ആശങ്ക ഡിഎംകെയ്ക്കുണ്ടെന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.

ആര്‍എസ്എസ് ഗണവേഷം എന്ന പ്രയോഗം ബിജെപിയുമായുള്ള വിജയുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് വരുന്നത്. കൂടാതെ, ഡിഎംകെ അവരുടെ പ്രത്യയശാസ്ത്രപരമായ എതിരാളിയായി ആര്‍എസ്എസിനെയും ബിജെപിയെയും കാണുന്ന സാഹചര്യത്തില്‍, ഈ ചിത്രീകരണം വിജയ്ക്കെതിരെ ഒരു പ്രതിച്ഛായാ യുദ്ധം കൂടിയാണ്. കരുരിലെ ദുരന്തം മുതലെടുത്ത് വിജയുടെ രാഷ്ട്രീയ വിശ്വാസ്യതയെ ആണ് ഡിഎംകെ ചോദ്യം ചെയ്യുന്നത്.