നടിയെ ബലാത്സംഗ ചെയ്ത കേസ് : പ്രതി വിജയ് ബാബു തിങ്കളാഴ്ച നാട്ടിലെത്തും

Jaihind Webdesk
Tuesday, May 24, 2022

നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നിർമ്മാതാവ് വിജയ് ബാബു തിങ്കളാഴ്ച കൊച്ചിയിൽ എത്തും. ഇത് സംബന്ധിച്ച യാത്രാ രേഖകൾ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിൻ്റെ രേഖകളാണ് പ്രതിഭാഗം അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയത്. മുപ്പതിനുള്ള ദുബായ് – കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിശദമായ യാത്രരേഖകൾ നാളെ ഹാജരാക്കമെന്നും അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.

മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. പൊലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങിയിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രതി കേരളത്തിലേക്ക് മടങ്ങുന്നത്.