വിഘ്നേഷിന്റെ ‘പവര്‍’ കണ്ടോ?; പേര് വിളിച്ചപ്പോള്‍ കയ്യടിച്ച് ആരാധകര്‍; അടിസ്ഥാന വിലയ്ക്ക് റോയല്‍സ് റാഞ്ചി

Jaihind News Bureau
Tuesday, December 16, 2025

 

ഐപിഎല്‍ മിനി താരലേലത്തില്‍ മലയാളി യുവതാരം വിഘ്നേഷ് പുത്തൂരിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച യുവതാരം ഇനി റോയല്‍സ് ജേഴ്‌സിയില്‍ കളത്തിലിറങ്ങും.

അണ്‍ക്യാപ്ഡ് സ്പിന്നര്‍മാരുടെ പട്ടികയില്‍ താരത്തിന്റെ പേര് വന്നപ്പോള്‍ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് താല്‍പ്പര്യം കാണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് റോയല്‍സിന് താരത്തെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്.

എത്തിഹാദ് അരീനയില്‍ നടന്ന ലേലത്തില്‍ ആരാധകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. പ്രധാന താരങ്ങളെ ടീമുകള്‍ സ്വന്തമാക്കുമ്പോള്‍ ആര്‍പ്പുവിളികള്‍ ഉണ്ടാവാറുണ്ടെങ്കിലും, ഓക്ഷ്ണറായ മല്ലിക സാഗര്‍ പേര് വിളിക്കുമ്പോള്‍ തന്നെ ആവേശം ഉയര്‍ന്നത് വിഘ്നേഷ് പുത്തൂരിന് വേണ്ടി മാത്രമായിരുന്നു എന്നത് കൗതുകകരമായി.

വിഘ്നേഷിന്റെ പേര് വിളിച്ചയുടന്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചു. ഇത് കേട്ട് ആവേശഭരിതരായ ആരാധകരെ നോക്കി ഓക്ഷ്ണര്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. റോയല്‍സ് പാഡില്‍ ഉയര്‍ത്തുകയും, മറ്റ് ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെ അടിസ്ഥാന വിലയ്ക്ക് റോയല്‍സ് താരത്തെ സ്വന്തമാക്കിയ പ്രഖ്യാപനത്തെയും കാണികള്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരുന്നു 24-കാരനായ വിഘ്നേഷ് ഐപിഎല്ലില്‍ അരങ്ങേറിയത്. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ കന്നി മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി താരം വരവറിയിച്ചു. എങ്കിലും, പരിക്ക് കാരണം സീസണ്‍ പൂര്‍ത്തിയാക്കാനാവാതെ താരത്തിന് പിന്മാറേണ്ടി വന്നു. കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് 9.08 ഇക്കോണമി റേറ്റില്‍ ആറ് വിക്കറ്റുകള്‍ നേടിയാണ് വിഘ്നേഷ് സീസണ്‍ അവസാനിപ്പിച്ചത്.