ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വന്‍ കവര്‍ച്ചയും ഗൂഢാലോചനയും നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തലുകള്‍. 2019-ല്‍ സ്പോണ്‍സറായ ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറുമ്പോള്‍ ദ്വാരപാലക ശില്‍പ്പങ്ങളിലെ പാളികളില്‍ ഒന്നര കിലോ സ്വര്‍ണം ഉണ്ടായിരുന്നു. എന്നാല്‍, തിരിച്ചെത്തിച്ചപ്പോള്‍ 394 ഗ്രാം സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നത്. പാളികളിലെ സ്വര്‍ണം കവര്‍ന്നെടുക്കുകയും സംഭവത്തില്‍ വന്‍ ഗൂഢാലോചന നടക്കുകയും ചെയ്തു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
2019-ല്‍ പോറ്റിക്ക് കൈമാറുമ്പോള്‍ പാളികള്‍ ചെമ്പായിരുന്നുവെന്ന ദേവസ്വം രേഖകളിലെ വാദവും, പോറ്റിയുടെ പ്രതിരോധ വാദങ്ങളും വിജിലന്‍സ് തള്ളി. 1998-99 കാലഘട്ടത്തില്‍ യുബി ഗ്രൂപ്പ് ചെയര്മാന് വിജയ് മല്യ ദ്വാരപാലക ശില്പ്പങ്ങളില് മാത്രം ഒന്നര കിലോ സ്വര്‍ണം പൂശിയതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീകോവിലില്‍ സ്ഥാപിച്ച എട്ട് പാളികളിലായി ആകെ നാല് കിലോ സ്വര്‍ണം പൊതിഞ്ഞിരുന്നു. ഇതില്‍ ദ്വാരപാലക ശില്‍പ്പങ്ങളിലെയും വശത്തെ രണ്ട് പാളികളിലെയും സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ദേവസ്വം വിജിലന്‍സിന്റെ ഈ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ സംശയനിഴലില്‍ നിര്‍ത്തുകയാണ്. ശബരിമലയില്‍ സമര്‍പ്പിക്കപ്പെട്ട സ്വര്‍ണം കളവ് പോയി എന്ന് ഈ വിജിലന്‍സ് റിപ്പോര്‍ട്ടോടെ സ്ഥിരീകരിക്കപ്പെടുന്നു.