
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ ആലപ്പുഴയിലെ വീട്ടിലും പൂജപ്പുരയിലെ ക്വാര്‍ട്ടേഴ്‌സിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദിച്ചതിന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തടവുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ നേരത്തെ തന്നെ വിനോദ് കുമാറിനെതിരെ കേസ് എടുത്തിരുന്നു. ഇതോടൊപ്പം അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണം വിജിലന്‍സ് ആരംഭിക്കുകയും ചെയ്തു.
ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സെര്‍ച്ച് വാറന്റ് കൈപ്പറ്റിയ ശേഷമാണ് ഇന്നലെ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ചില പ്രധാന രേഖകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. വിനോദ് കുമാറിനെ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അതേസമയം, വിനോദ് കുമാറിനെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.