പോലീസ് സ്‌റ്റേഷനുകളില്‍ കൈക്കൂലിപ്പണം, സ്വര്‍ണ്ണം, കഞ്ചാവ്; ഓപറേഷന്‍ തണ്ടറില്‍ കുടുങ്ങിയത് കാവല്‍ക്കാരുടെ കള്ളത്തരങ്ങള്‍

Jaihind Webdesk
Wednesday, January 23, 2019

തിരുവനന്തപുരം: ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ പൊലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സ് ഇന്നലെ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്വാറി മാഫിയകളുമായി ബന്ധമുള്ളതായി കണ്ടെത്തി. പണമിടപാട് കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ രീതിയില്‍ അന്വേഷണം നടക്കുന്നില്ലെന്ന് വിജിലന്‍സ് ഡയറക്ടറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

സംസ്ഥാനത്തെ നിരവധി പൊലീസ് സ്‌റ്റേഷനുകളില്‍ കണക്കില്‍പ്പെടാത്തതും കേസില്‍ ഉള്‍പ്പെടാത്തതുമായി നിരവധി വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നതായും പല പൊലീസ് സ്‌റ്റേഷനുകളിലും കണക്കില്‍പ്പെടാത്ത തുക കണ്ടെത്തുകയും ചില പൊലീസ് സ്‌റ്റേഷനുകളില്‍ പതിനായിരക്കണക്കിന് തുക കുറവുള്ളതായും നിരവധി പൊലീസ് സ്‌റ്റേഷനുകളില്‍ നൂറുകണക്കിന് പെറ്റീഷനുകള്‍ രജിസ്റ്ററില്‍ പതിക്കാതെ സൂക്ഷിക്കുന്നതായും പല കേസുകളിലും നിയമപ്രകാരം പരാതിക്കാര്‍ക്ക് ലഭ്യമാക്കേണ്ട എഫ്.ഐ.ആറിന്റെപകര്‍പ്പുകളും പരാതികളുടെ രസീതുകളും നല്‍കുന്നില്ലായെന്നും ചില പൊലീസ് സ്‌റ്റേഷനുകളില്‍ മണല്‍ ക്വാറി സംബന്ധമായ യാതൊരു കേസുകളും 2012ന് ശേഷം പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലായെന്നും വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തി.
കാസര്‍ഗോഡ് ജില്ലയിലെ കുമ്പള പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോടതി ഉത്തരവ് പ്രകാരം

പ്രവര്‍ത്തനം നിര്‍ത്തിയ പൂഴിക്കടവില്‍ മണല്‍ വാരല്‍ തുടരുന്നതായും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍ 80000ത്തോളം രൂപയും കോഴിക്കോട് ജില്ലയിലെ പയ്യോളി പൊലീസ് സ്‌റ്റേഷനില്‍ 57740 രൂപയും കോഴിക്കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ 3060 രൂപയും ക്യാഷ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാള്‍ കുറവുള്ളതായും വിജിലന്‍സ് കണ്ടെത്തി. കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും കണക്കില്‍ പ്പെടാത്ത 12.7 ഗ്രാം സ്വര്‍ണ്ണവും അഞ്ച് മൊബൈല്‍ ഫോണുകളും 100 ഓളം വാഹനങ്ങളും രണ്ട് വാഹനങ്ങളുടെ ഒറിജിനല്‍ രേഖകളും കോഴിക്കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ 11.52 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 4223 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും 11 പെറ്റീഷനുകളും അനാഥമായും കാണപ്പെട്ടു. വയനാട് ജില്ലയിലെ മേപ്പാടി പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ഒമ്പത് മാസം മുതല്‍ ഒരു വര്‍ഷത്തോളമായി യാതൊരു നടപടിയും സ്വീകരിക്കാത്ത മൂന്ന് പണമിടപാടുകേസുകളും നിരവധി ആധാര്‍ കാര്‍ഡുകളും ്രൈഡവിംഗ് ലൈസന്‍സുകളും വിജിലന്‍സ് കണ്ടെത്തി.

വയനാട് ജില്ലയിലെ പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷനില്‍ ഈ വര്‍ഷം ഇതുവരെയും ക്യാഷ് ബുക്ക് എഴുതിയിട്ടില്ല. ഈ മാസം ലഭിച്ച 26 പരാതികളില്‍ മൂന്ന് പരാതികളില്‍ മാത്രമാണ് രസീത് നല്‍കിയതെന്നും പൊലീസുദ്യോഗസ്ഥരാരും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ പരിപാലിക്കുന്നില്ലായെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മാവേലിക്കര പൊലീസ് സ്‌റ്റേഷനില്‍ 2018 ല്‍ മദ്യപിച്ച് വാഹനമോടിച്ച 1092 കേസുകളും അശ്രദ്ധമായി വാഹനമോടിച്ച് ആളപായം സംഭവിച്ച 14 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും 318 കേസ്സുകളില്‍ മാത്രമേഡ്രൈവിംഗ് ലൈസന്‍സുകള്‍ അസാധുവാക്കുവാനുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളൂ. മാവേലിക്കര, ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ വാഹനാപകട കേസുകളില്‍ കേസ് സംബന്ധിച്ച രേഖകള്‍ അനധികൃതമായി പിടിച്ച് വച്ചിരിക്കുന്നതായി കാണപ്പെട്ടു.
മാവേലിക്കര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം ഏഴ് കള്ളു ഷോപ്പുകളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചതായി കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സാമ്പിളുകള്‍ ഒന്നും തന്നെ സീല് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.

കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍, കോവല്ലൂര്‍, ഉളിക്കല്‍, പത്തനംത്തിട്ട ജില്ലയിലെ പന്തളം, വയനാട് ജില്ലയിലെ മേപ്പാടി, പുല്‍പ്പള്ളി കോഴിക്കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ തുടങ്ങീമിന്നല്‍ പരിശോധന നടത്തിയ സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌റ്റേഷനുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ കൃത്യമായി പരിപാലിക്കപ്പെടുന്നില്ലായെന്നും ലഭിക്കുന്ന പരാതികള്‍ക്ക് കൃത്യമായി രസീത്‌നല്‍കുന്നില്ലായെന്നും രജിസ്റ്ററില്‍ പിടിക്കാതെ പരാതികള്‍ സൂക്ഷിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. പരിശോധന രാത്രിയും തുടരുകയാണ്.
ക്വാറി മണല്‍ മാഫിയയുമായുള്ള പൊലീസ് ബന്ധം സംബന്ധിച്ച അന്വേഷണം തുടര്‍ന്നുള്ളദിവസങ്ങളില്‍ മറ്റ് പൊലീസ് സ്‌റ്റേഷനുകളിലും ഓഫീസുകള്‍ കേന്ദ്രികരിച്ചും തുടരുമെന്നും വിശദമായ മിന്നല്‍ പരിശോധനാറിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ബി.എസ്.മൊഹമ്മദ് യാസിന്‍ അറിയിച്ചു.