കെഎസ്ആര്‍ടിസി  പർച്ചേസുകളിൽ വിജിലൻസ് അന്വേഷണം നടത്തണം: എം.വിൻസെന്‍റ്

Jaihind Webdesk
Monday, May 15, 2023

 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന സ്പെയർ പാർട്സ് പർച്ചേസുകളിൽ മാനേജ്മെന്‍റിനെതിരേ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് എം.വിൻസെന്‍റ്  എംഎൽഎ.  മാർച്ച് മാസം 10 കോടി, ഏപ്രിൽ മാസത്തിൽ 14 കോടി എന്നിങ്ങനെ പത്ത് കോടിക്ക് മുകളിലാണ് പ്രതിമാസ സ്പെയർ പാർട്സ് പർച്ചേസുകൾ കെഎസ്ആർടിസിയിൽ നടത്തുന്നത്. എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള ചെറിയ സ്പെയറുകൾ പർച്ചേസ് ചെയ്യാതെ ലക്ഷങ്ങൾ വിലയുള്ള ഗിയർ ബോക്സ് സെറ്റ്, എൻജിൻ അസ്സംബ്ലി, അൾറ്റനേറ്റർ അസ്സംബ്ലി തുടങ്ങിയ ലക്ഷങ്ങൾ വിലയുള്ള വലിയ സ്പെയറുകളാണ് വാങ്ങുന്നത്, ഇതു കാരണമാണ് ദൈനംദിന ആവശ്യങ്ങൾക്കുള്ള ചെറിയ സ്പെയറുകൾ ലോക്കൽ പർച്ചേസുകളിലേക്ക് പോകാൻ കാരണം, അത് ചെയ്യുന്നതും മാനേജ്മെന്‍റിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ്. എന്നാൽ ഇതെല്ലാം സാധാരണ തൊഴിലാളികളുടെ തലയിൽ കെട്ടി വച്ച് മാനേജ്മെന്‍റ്  നടത്തുന്ന ക്രമക്കേടുകളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും എം വിന്‍സെന്‍റ് എംഎല്‍എ കുറ്റപ്പെടുത്തി.

സ്പെയർ പർച്ചേസുകളിൽ കോടികളുടെ ഇടപാടാണ് കഴിഞ്ഞ മാസങ്ങളിൽ നടന്നത്, ശമ്പളം ക്യത്യമായി നൽകാതിരിക്കാൻ ബോധപൂർവ്വം കെഎസ്ആർടിസിയുടെ ഫണ്ട് തീർക്കുന്നനതിനാണോ അതോ കോടികളുടെ ഇടപാടുകളിലൂടെ കമ്മീഷൻ പറ്റുന്നതിനാണോ ഈ പർച്ചേസുകൾ മാനേജ്മെന്‍റ്  നടത്തിയതെന്ന് അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാർ നിർദേശം നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. മാനേജ്മെന്‍റിലെ മുകൾ തട്ടിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ജീവനക്കാർ ഡോക്കിലെ ബസുകളിൽ നിന്നും സ്പെയറുകൾ ഇളക്കി കേടായ ബസ്സുകളിലേക്ക് ഇടുന്നത്, അല്ലാതെ ഒരു മെക്കാനിക്കൽ വിഭാഗം ജീവനക്കാരനും സ്വന്തം ഇഷ്ടപ്രകാരമല്ല വർക്ക് ഷോപ്പുകളിൽ ജോലികൾ നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബസുകൾ വഴിയിലാകുന്നത് മാനേജ്മെന്‍റ്  നടപ്പിലാക്കിയ ഡിസിപി എന്ന മണ്ടൻ പരിഷ്കരണത്തിന്‍റെ പരിണിതഫലമാണെന്നും അത് മറച്ചു പിടിക്കാനാണ് ഇപ്പോൾ തൊഴിലാളിക്ക് നേരേ അപവാദ പ്രചാരണവുമായി മാനേജ്മെന്‍റ് ഇറങ്ങിയിരിക്കുന്നതെന്നും വിൻസെന്‍റ്  ആരോപിച്ചു.

ഡിസിപിയുടെ പരാജയം മനസ്സിലാക്കണമെങ്കിൽ കോവിഡ് കാലത്തിന് മുൻപും ശേഷവുമുള്ള ബ്രേക്ക് ഡൗൺ നിരക്കുകൾ പരിശോധിച്ചാൽ മതിയെന്നും എംഎൽഎ പറഞ്ഞു, അറുപതും എഴുപതും ബസ്സുകൾ ഉള്ള ഡിപ്പോകളിൽ അഞ്ചും ആറും മെക്കാനിക്കുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്, ബാക്കി ഉള്ളവരെ മുഴുവനും ഡിസിപികളിലേക്ക് മാറ്റി ഇതാണ് ബസുകൾ ക്യത്യമായി മെയിന്‍റനൻസ് ചെയ്യാൻ കഴിയാത്തതിനും ബസുകൾ വഴിയിലാകുന്നതിനും പ്രധാന കാരണം. പരാജയപ്പെട്ട ഡിസിപി, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കരണങ്ങൾ അടിയന്തിരമായി പിൻവലിക്കണമെന്നും പർച്ചേസുകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ ഉത്തരവുണ്ടാകണം എന്നും എം.വിൻസെന്‍റ്  ആവശ്യപ്പെട്ടു.