വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; പുനർജനി കേസിൽ തെളിവില്ല; സർക്കാർ നാടകം പൊളിയുന്നു

Jaihind News Bureau
Sunday, January 4, 2026

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് വിജിലൻസ് കണ്ടെത്തി.  വി.ഡി സതീശനെതിരെയുള്ള കേസുമായി മുന്നോട്ട് പോകാൻ മതിയായ തെളിവുകളില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് യാതൊരു വിധത്തിലുള്ള വിദേശപണവും എത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

അഴിമതി നിരോധന നിയമപ്രകാരം വി.ഡി. സതീശനെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ് വിജിലൻസ് സർക്കാരിന് നൽകിയ ശുപാർശ. പദ്ധതിയുടെ ഭാഗമായി നടന്ന സാമ്പത്തിക ഇടപാടുകളിൽ അഴിമതി കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കണമെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്. ഈ നിർണ്ണായകമായ വിജിലൻസ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

എന്നാൽ, സ്വന്തം ഏജൻസിയായ വിജിലൻസ് വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയിട്ടും കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. വിജിലൻസ് റിപ്പോർട്ട് മറികടന്നുകൊണ്ട് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാരിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. പ്രതിപക്ഷ നേതാവിനെ കുടുക്കാൻ സർക്കാർ നടത്തുന്ന അവസാന വട്ട ശ്രമമായാണ് ഇതിനെ കാണുന്നത്.