ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസ്: തട്ടിപ്പു പണം കടത്തിയത് ഹാവലയായി

Jaihind News Bureau
Sunday, May 18, 2025

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയായ വിജിലന്‍സ് കേസില്‍ തട്ടിപ്പു പണം കടത്തിയത് ഹവാലയായി. മൂന്നാം പ്രതി മുകേഷ് കുമാറാണ് ഹവാലയായി പണം കടത്തിയത്. സംഭവത്തില്‍ കൊച്ചിയിലെ കൂടുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ റഡാറിലാണ്.

കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിക്കെതിരെ ഇഡി ചുമത്തിയ കേസ് ഒഴിവാക്കാനായിരുന്നു ശേഖര്‍ കുമാര്‍ കൈക്കൂലിയായി പണം ആവശ്യപ്പെട്ടത്. ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സനും ഗൂഢാലോചന നടത്തിയതായി വിജിലന്‍സ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നരം മൂന്ന് മണിക്ക് എറണാകുളം പനമ്പിള്ളി നഗറില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്‍സണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷിനും കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കശുവണ്ടി വ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റില്‍നിന്ന് 2024-ല്‍ സമന്‍സ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. ഇത് നല്‍കാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാന്‍ വീണ്ടും സമന്‍സ് അയപ്പിക്കാമെന്നും പറയുകയായിരുന്നു.

തുടര്‍ന്ന് മെയ് 14ന് പരാതിക്കാരന് സമന്‍സ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് വില്‍സണും പരാതിക്കാരനും ഇഡി ഓഫീസിനടുത്തുള്ള റോഡില്‍ നേരില്‍ കണ്ടു. 50 ലക്ഷം രൂപവീതം നാലുതവണകളായി രണ്ടുകോടി രൂപ ആക്‌സിസ് ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ടില്‍ നല്‍കാനും രണ്ടുലക്ഷം രൂപ നേരിട്ട് തന്നെ ഏല്‍പ്പിക്കാനും വില്‍സണ്‍ നിര്‍ദേശിച്ചു. 50,000 രൂപ കൂടി അധികമായി നല്‍കണമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പറും നല്‍കി. ഇതിനുപിന്നാലെയാണ് വ്യവസായി വിജിലന്‍സിനെ സമീപിച്ചത്. എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.