‘വിദ്യയുടെ അറസ്റ്റ് നാടകം, തെളിവുകള്‍ നശിപ്പിച്ചു; ആർഷോയെ ചോദ്യം ചെയ്താല്‍ നിഖില്‍ എവിടെയെന്നറിയാം’; കുറ്റവാളികള്‍ക്ക് സംരക്ഷണമൊരുക്കുന്ന സർക്കാരെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, June 22, 2023

 

തിരുവനന്തപുരം: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ അറസ്റ്റ് ചെയ്തത് നാടകമെന്ന് രമേശ് ചെന്നിത്തല. കേസിൽ തെളിവുകൾ നശിപ്പിച്ചതിന് ശേഷമാണ് പോലീസ് ഈ കസ്റ്റഡി നാടകം നടത്തുന്നത്. ആർഷോയെ ചോദ്യം ചെയ്താല്‍ നിഖില്‍ എവിടെയുണ്ടെന്ന് അറിയാനാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാസർഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

‘മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കുന്നില്ല. നിഖിലിനും തെളിവ് നശിപ്പിക്കാൻ സമയം കൊടുത്തിരുന്നു. ആർഷോയെ ചോദ്യം ചെയ്താൽ നിഖിൽ എവിടെയെന്നറിയാം. നിഖിലിന് സീറ്റ് വാങ്ങിക്കൊടുത്തത് ബാബുജാനാണ്’– രമേശ് ചെന്നിത്തല പറഞ്ഞു.

തെളിവുകൾ നശിപ്പിക്കാൻ സാഹചര്യം ഒരുക്കിയതിന് ശേഷം മാത്രമേ നിഖിലിനെയും പിടി കൂടുകയുള്ളൂവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റവാളികള്‍ക്ക് സർക്കാര്‍ സംരക്ഷണമൊരുക്കുന്നു എന്നത് ലജ്ജാകരമാണെന്നും  വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് കെ വിദ്യ പിടിയിലാകുന്നത്. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍നിന്നാണ് വിദ്യ പിടിയിലായത്. വിദ്യയെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ  പ്രതിഷേധം കടുത്തതോടെയാണ് വിദ്യ പിടിയിലായത്. ഹൈക്കോടതി കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയിരുന്നു. അതേസമയം തനിക്കെതിരെ ഗൂഢാലോചന നടത്തിയത് അട്ടപ്പാടി ഗവൺമെന്‍റ് കോളജ് പ്രിൻസിപ്പലാണെന്ന് കെ വിദ്യ മൊഴി നല്‍കി. വിദ്യയുടെ ബയോഡാറ്റയിലെ കൈയക്ഷരവും ഒപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കുകയും പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് ഈ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുമാണ് കേസ്. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

അതേസമയം കെ വിദ്യയെ ഒളിപ്പിച്ചത് കോഴിക്കോട് മേപ്പയൂരിലെ സിപിഎം നേതാവിന്‍റെ വീട്ടിലാണെന്ന് കോഴിക്കോട് ഡിസിസി പ്രസിന്‍റ് കെ പ്രവീൺകുമാർ ആരോപിച്ചു. പോലീസും സിപിഎമ്മും ഇതിന് ഒത്താശ നൽകി. പോലീസിനെതിരെ മേപ്പയൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും കെ പ്രവീൺകുമാർ പറഞ്ഞു. വിദ്യ ഒളിവിൽ താമസിച്ച മേപ്പയൂരിൽ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പ്രതിഷേധം നടത്തി. മേപ്പയൂർ പോലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് കോൺഗ്രസ് ആദ്യം പ്രതിഷേധ പ്രകടനം നടത്തിയത്. അതിനു ശേഷം പേരാമ്പ്ര വടകര റോഡിലെ പന്നിമുക്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരും റോഡ് ഉപരോധിച്ചു.