സിദ്ധാർത്ഥന്‍റെ മരണം; പുതിയ വൈസ് ചാൻസലർ രാജി വച്ചു

Jaihind Webdesk
Monday, March 25, 2024

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല പുതിയ വൈസ് ചാൻസലർ രാജി വച്ചു . ഡോ. പി.സി  ശശീന്ദ്രനാണ് ഗവർണർക്ക് രാജി നൽകിയത്. സർവകലാശാലാ വിദ്യാർത്ഥി സിദ്ധാർത്ഥനെതിരായ ക്രൂര മർദനത്തിലും ആൾക്കൂട്ട വിചാരണയിലും കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് എതിരെയെടുത്ത നടപടി വിസി റദ്ദാക്കിയത്തിൽ പ്രതിഷേധിച്ച് സിദ്ധാർത്ഥന്‍റെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് രാജി.

പൂക്കോട് വെറ്റിനറി സർവകലാശാലയുടെ ലോ ഓഫീസറിൽ നിന്നും നിയമോപദേശം തേടാതെ ആന്‍റി റാഗിംങ് കമ്മിറ്റി നടപടി റദ്ദാക്കിയ വിസിക്കെതിരെ സിദ്ധാർത്ഥന്‍റെ കുടുംബം തന്നെ രംഗത്ത് വന്നിരുന്നു. സിദ്ധാർത്ഥന് എതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ട് പങ്കാളികളാവുകയോ കുറ്റകൃത്യങ്ങൾ അധികൃതരിൽ നിന്ന് മറച്ചുവെക്കുകയോ ചെയ്ത വിദ്യാർത്ഥികൾക്കെതിരെയാണ് ആന്‍റി റാഗിംങ് സ്കോഡിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കമ്മിറ്റി നടപടിയെടുത്തിരുന്നത്.

നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വിസിയുടെ നടപടി ഉണ്ടായിരുന്നത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം രംഗത്ത് എത്തിയതോടെ പ്രതിരോധത്തിലായ വിസി പിസി ശശീന്ദ്രന്‍ ഗവർണർക്ക് രാജി നൽകുകയായിരുന്നു. സിദ്ധാർത്ഥന്‍റെ മരണം സിബിഐക്ക് കൈമാറിയത് ഉത്തരവിറങ്ങി ഏഴു ദിവസത്തിന് ശേഷമാണ് .ഇതേ സംബന്ധിച്ച് സിദ്ധാർത്ഥന്‍റെ കുടുംബം രംഗത്ത് എത്തിയതോടെയാണ് വി സി കൂടുതൽ പ്രതിരോധത്തിൽ ആയത്. ഉദ്യോഗസ്ഥരോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിട്ടുണ്ട്, സിദ്ധാർത്ഥന്‍റെ മരണശേഷം നിലവിലെ വിസിയെ സസ്പെൻഡ് ചെയ്തതിന് ശേഷമാണ് പുതിയ വിസിയായി പിസി ശശീന്ദ്രന്‍ ചുമതലയേറ്റിരുന്നത്.