തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു. 75 വയസായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര വിവാദമായതിനെത്തുടര്‍ന്ന് ആരോഗ്യമന്ത്രി ആര്‍ രാമചന്ദ്രന്‍ നായര്‍ രാജിവെച്ചിരുന്നു. 1999 ല്‍ കൊളംബോയില്‍ സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വാജ്‌പേയിക്കൊപ്പം പോയ മാധ്യമസംഘത്തിലെ അംഗമായിരുന്നു.
പുഞ്ചക്കരിയില്‍ കെ ഗോവിന്ദപിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകനാണ്. തിരുവല്ലം ബി എന്‍ വി ഹൈസ്‌കൂള്‍,ഗവ.ആര്‍ട്‌സ് കോളേജ്, എംജി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ ഡോ. പി രാധാമണിയമ്മ (റിട്ട. അധ്യാപിക) മക്കള്‍ ദീപാ ശേഖര്‍(ലാറ്റക്‌സ്-ആക്കുളം) ദിപീപ് ശേഖര്‍ (കണ്ണൂര്‍ എയര്‍പോര്‍ട്ട്) മരുമക്കള്‍ ഡോ. മനൂ, ചിന്നു ആര്‍ നായര്‍.
1980 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ശേഖരന്‍ നായര്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍,ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും കോഴിക്കോട് ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനു ശേഷം കരുമത്തെ വീട്ടിലെത്തിക്കും. തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം.