മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെപി വിശ്വനാഥന്‍ അന്തരിച്ചു

Jaihind Webdesk
Friday, December 15, 2023


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെപി വിശ്വനാഥന്‍ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 9.35നായിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു കെപി വിശ്വനാഥന്‍. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ച വിശ്വനാഥന്‍, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടി. അഭിഭാഷകന്‍ കൂടിയായിരുന്നു കെ.പി വിശ്വനാഥന്‍. യൂത്ത് കോണ്‍ഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 1987, 1991, 1996 വര്‍ഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 1994 വരെ കെ. കരുണകരന്റെയും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹത്തിന് മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡും (മാതൃക സമാജിക്) ലഭിച്ചിട്ടുണ്ട്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, തൃശൂര്‍ ഡി.സി.സി സെക്രട്ടറി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗം, ഖാദി ബോര്‍ഡ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയര്‍മാന്‍, ഡയറക്ടര്‍ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.