നാളെയും മറ്റന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത; മഴയ്ക്ക് ശമനമെങ്കിലും മഴക്കെടുതികള്‍ തുടരുന്നു

Jaihind News Bureau
Wednesday, May 28, 2025

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി, പത്തനംത്തിട്ട ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്് നാളെ അവധിയാണ്. വരുന്ന 3 മണിക്കൂറില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മഴക്കെടുതികള്‍ തുടരുകയാണ്.

കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് പ്രഖ്യാപനം അറിയിച്ചത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (28.05.2025) വൈകുന്നേരം 03.30 ന് റെഡ് അലെര്‍ട്ടുള്ള ജില്ലകളിലും, വൈകുന്നേരം 04.00 ന് ഓറഞ്ച് അലെര്‍ട്ടുള്ള ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വീടുകള്‍ക്ക് വ്യാപക നാശനഷ്ടം. മൂന്ന് വീടുകള്‍ പൂര്‍ണമായും 120 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അടിയന്തിര ഘട്ടത്തില്‍ ആളുകളെ മാറ്റി പ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ 360 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.