ജനവിധി എല്‍ഡിഎഫിനുള്ള താക്കീത്; നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും: ഡീന്‍ കുര്യാക്കോസ് എം പി

Jaihind News Bureau
Saturday, December 13, 2025

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടുള്ള കടുത്ത ജനവിരോധമാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലായിടത്തും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിരോധം, മുന്നണിക്ക് ലഭിച്ച വോട്ടുകളുടെ ശതമാനം കൊണ്ടുതന്നെ വ്യക്തമാണെന്നും എം.പി. ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് ഈ ജനവിധിയിലൂടെ പ്രതിഫലിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വിജയിച്ചത് ഈ തിരഞ്ഞെടുപ്പിലെ ഒരു ചരിത്ര വിജയമാണെന്നും ഡീന്‍ കുര്യാക്കോസ് എടുത്തുപറഞ്ഞു. ഇത് യുഡിഎഫ് നേടിയ മുന്നേറ്റത്തിന് അടിവരയിടുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഇടുക്കിയില്‍ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ഉടുമ്പന്‍ചോല ഉള്‍പ്പെടെ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു വരുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.