അട്ടപ്പാടി മധു വധക്കേസില്‍ വിധി ഏപ്രില്‍ 4 ന്

പാലക്കാട്: അട്ടപ്പാടി മധു കേസിൽ വിധി ഏപ്രിൽ നാലിന്. പാലക്കാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറയുന്നത്. 2018 ഫെബ്രുവരി 22 നാണ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. കേസിൽ വിചാരണ തുടങ്ങിയതു മുതൽ തുടർച്ചയായി സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂഷന്  തലവേദനയുണ്ടാക്കി. സാക്ഷികളിൽ പലരും കോടതിയിൽ എത്തിയതു പോലും പ്രതികൾക്കൊപ്പമായിരുന്നു. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞു. കോടതിയിൽ കൂറുമാറിയ സാക്ഷി കക്കി മൂപ്പൻ പിന്നീട് കുറ്റബോധത്താൽ മൊഴി മാറ്റുന്ന കാഴ്ചയും വിചാരണയ്ക്കിടെ ഉണ്ടായി.

16 പ്രതികളാണ് കേസിലുള്ളത്. ഒരു പലചരക്ക് കടയിൽ നിന്ന് അരിയും ബിസ്കറ്റും മോഷ്ടിച്ചു എന്നുപറഞ്ഞ് ആൾക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ കൊലപാതക ദൃശ്യങ്ങൾ ലൈവ് ആയി പ്രചരിപ്പിച്ചായിരുന്നു ക്രൂരത. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കോടതി പ്രധാന തെളിവായി സ്വീകരിച്ചു. കേരളത്തിന്‍റെ മനഃസാക്ഷിയെ നടുക്കിയ മധു വധക്കേസ് നടത്തിപ്പിലെ മെല്ലെപ്പോക്കില്‍  ഇടതു സർക്കാരിനെതിരേ വലിയ വിമർശനമാണ് ഉയർന്നത്.

Comments (0)
Add Comment