രാജേഷ് സ്പീക്കർ കളിക്കേണ്ട; ഗൗരവമുള്ള വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ചൊറിഞ്ഞു സംസാരിക്കരുതെന്നും പ്രതിപക്ഷ നേതാവ്; സഭയില്‍ വാക്പോര്

Jaihind Webdesk
Thursday, July 11, 2024

 

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വിമര്‍ശനത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. പ്രതിപക്ഷ നേതാവ് ധിക്കാരത്തോടെ വിരല്‍ ചൂണ്ടി സംസാരിച്ചെന്ന ആര്‍. ബിന്ദുവിന്‍റെ ആരോപണം മന്ത്രി എം.ബി. രാജേഷ് ഏറ്റുപിടിച്ചതോടെയാണ് സഭയില്‍ വാക്പോര് കടുത്തത്.

പ്രതിപക്ഷ നേതാവിന് ധാര്‍ഷ്ട്യവും പുച്ഛവുമാണെന്ന് മന്ത്രി രാജേഷ് സഭയില്‍ ആരോപിച്ചു. മന്ത്രി രാജേഷ് സ്പീക്കര്‍ കളിക്കേണ്ടെന്നും പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാന്‍ നോക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. ഇനിയും വിരല്‍ ചൂണ്ടി വിമര്‍ശിക്കേണ്ടി വന്നാല്‍ വിമര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധാര്‍ഷ്ട്യവും പുച്ഛവും ആര്‍ക്കെന്ന് എല്ലാവർക്കും അറിയാമെന്നും ആ ചാപ്പ ഇവിടെ കുത്തേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എക്സൈസ് വകുപ്പിനെ വിമർശിച്ചതിന് ശേഷം മന്ത്രി എം.ബി. രാജേഷ് വ്യക്തിപരമായി ലക്ഷ്യം വെക്കുന്നുവെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍ ഭരണപക്ഷത്തിനും തിരുത്തലാവാമെന്ന് വ്യക്തമാക്കി. ആരോഗ്യകരമായ സമീപനം എല്ലാവര്‍ക്കും വേണമെന്നും സ്പീക്കര്‍ പറഞ്ഞു.

വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഏറ്റവും ഗൗരവമുള്ള കാര്യത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ചൊറിഞ്ഞുകൊണ്ട് സംസാരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. കുട്ടികൾ പോകുന്നത് വീട് പണയപ്പെടുത്തിയാണെന്നും സംസ്ഥാനത്തിന്‍റെ പണം പുറത്തേക്ക് പോകുന്നുവെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള കുടിയേറ്റം മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടുന്നത്. കേരളത്തില്‍ നിന്ന് ഒരു തലമുറ മുഴുവന്‍ വിദേശത്തേക്ക് പോകുന്നത് സാമൂഹിക പ്രശ്‌നമാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി കുഴല്‍നാടന്‍ പറഞ്ഞു. ഏത് രാജ്യവും കേരളത്തേക്കാള്‍ മെച്ചമെന്ന് ചെറുപ്പക്കാര്‍ കരുതുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ചെറുപ്പക്കാരെ കൂടെ നിര്‍ത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താണ് നമ്മള്‍ നേടാന്‍ പോകുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു. വലിയ അപകടമാണ് സംസ്ഥാന അഭിമുഖീകരിക്കുന്നത്. ചെറുപ്പക്കാര്‍ നാട്ടില്‍ നില്‍ക്കാതെ പോയാല്‍ സംരംഭകത്വത്തിനും വിദഗ്ധ തൊഴിലിനും ബിസിനസിനും അളില്ലാതെ വൃദ്ധസദനമായി കേരളം മാറുമെന്നും വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.