സിപിഎമ്മില്‍ ആത്മകഥാവിവാദം പുകയുന്നു; പിരപ്പന്‍കോടിന്‍റെ തുറന്നെഴുത്തില്‍ പൊള്ളി കോലിയക്കോട്

Jaihind Webdesk
Sunday, May 8, 2022

 

തിരുവനന്തപുരം : സിപിഎമ്മില്‍ ആത്മകഥാ വിവാദം കത്തുന്നു. വികസനം തടസപ്പെടുത്താന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി പിരപ്പന്‍കോട് മുരളി രംഗത്തുവന്നു.  ആരോപണ പ്രത്യാരോപണങ്ങളുമായി തലസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള കുടിപ്പക പുറത്തുവന്നത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചലനങ്ങള്‍ക്കും കാരണമായി.

കടുത്ത വി.എസ് അനുകൂലി കൂടിയായ പിരപ്പന്‍കോട് മുരളിയുടെ ആത്മകഥയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. വികസനം തടസപ്പെടുത്താനും തന്നെ തോല്‍പ്പിക്കാനും കോലിയക്കോട് കൃഷ്ണന്‍ നായര്‍ ശ്രമിച്ചതിന്‍റെ പാര്‍ട്ടി രേഖകള്‍ തെളിവുകളായി ഉണ്ടെന്നും നിയമനടപടി ഉണ്ടായാല്‍ നേരിടാന്‍ തയാറാണെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു. താന്‍ എംഎല്‍എയായിരുന്ന കാലത്ത് വികസനം തടസപ്പെടുത്താന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ ശ്രമിച്ചെന്ന് പിരപ്പന്‍കോട് മുരളി തുറന്നടിച്ചു. ആത്മകഥയിലെ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ പിരപ്പന്‍കോട് മുരളിക്കെതിരെയും രംഗത്തെത്തി. പിരപ്പന്‍കോടിന്‍റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് കോലിയക്കോട് കൃഷ്ണന്‍ നായർ പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് തന്നെ വെട്ടാന്‍ കരുനീക്കങ്ങള്‍ നടത്തിയതിന് പുറമേ പ്രചാരണ സമയത്ത് തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ട് യോഗങ്ങള്‍ വിളിച്ചെന്നും ‘പ്രസാധകന്‍’ മാസികയില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍ നേരത്തെ മുരളി പറഞ്ഞിരുന്നു. ‘കുതികാല്‍ വെട്ടികളും കമ്യൂണിസ്റ്റുകാരും എന്‍റെ സ്ഥാനാര്‍ത്ഥിത്വവും’ എന്ന അധ്യായത്തിലാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ സിപിഎമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറയുന്നത്. പാര്‍ട്ടി ഔദ്യോഗിക സംവിധാനം തനിക്കെതിരെ നന്നായി പ്രവര്‍ത്തിച്ചു. വോട്ടെടുപ്പ് ദിവസം ബൂത്ത് സന്ദര്‍ശന ചുമതലയുണ്ടായിരുന്ന വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ആലിയാട് മാധവന്‍പിള്ളയെ കോലിയക്കോട് കൃഷ്ണന്‍നായര്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാക്കിയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.