V D Satheesan| ‘വേണു മരിച്ചതല്ല, സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകം’: ആരോഗ്യമന്ത്രി രാജിവെക്കണം, കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.ഡി. സതീശന്‍

Jaihind News Bureau
Thursday, November 6, 2025

ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേണു മരിച്ചതല്ലെന്നും ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുകയാണ്. ഒരു നിവൃത്തിയും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ നിസഹായരായ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്.

അടിയന്തര ആന്‍ജിയോഗ്രാമിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ നല്‍കിയില്ല. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

ആരോഗ്യമന്ത്രി പറഞ്ഞതു പോലും ഇതും സിസ്റ്റത്തിന്റെ തകരാറാണ്. എന്നാല്‍ തകരാര്‍ പരിഹരിക്കാനുള്ള ഒരു ശ്രമവും മന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ആരോഗ്യ വകുപ്പിന്റെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ ഇതേ മെഡിക്കല്‍ കോളജിലെ വകുപ്പ് തലവന്‍ ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമിച്ചതും ഇതേ മന്ത്രിയാണ്. നിങ്ങളുടെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഇരകളായി മാറുന്നത് സാധാരണക്കാരാണെന്നത് മന്ത്രിയും സര്‍ക്കാരും മറക്കരുതെന്നും പ്രതിപക്ഷനേതാവ് ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാപിഴവും അനാസ്ഥയും തുടര്‍ച്ചായി ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആരോഗ്യമന്ത്രിക്ക് എങ്ങനെയാണ് ഒരു ജാള്യതയുമില്ലാതെ ആ കസേരയില്‍ ഇരിക്കാന്‍ സാധിക്കുന്നത്? രാജിവച്ച് ഉത്തരവാദിത്തബോധമുള്ള ആരെയെങ്കിലും മന്ത്രി സ്ഥാനം ഏല്‍പ്പിക്കുന്നതാണ് സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും നല്ലത്. വേണുവിന്റെ ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.