നഗരങ്ങൾ ഇരുട്ടിൽ മുങ്ങിയതിന് കാരണം സൈബറാക്രമണമാണെന്ന് നിക്കോളാസ് മഡൂറോ

Jaihind Webdesk
Monday, March 11, 2019

വെനസ്വേലയിൽ തലസ്ഥാന നഗരിയായ കറാക്കസ് ഉൾപ്പെടെയുള്ള നഗരങ്ങൾ ഇരുട്ടിൽ മുങ്ങിയതിന് കാരണം സൈബറാക്രമണമാണെന്ന് പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ. മഡൂറോ സർക്കാരിനെ പുറത്താക്കാനായി അമേരിക്ക വെനസ്വേലയുടെ മേൽ ഏർപ്പെടുത്തിയ എണ്ണ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സാമ്രാജ്യത്വ വിരുദ്ധ ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

വൈദ്യുതി തടസ്സപ്പെടുത്തുന്നതിലൂടെ അമേരിക്ക വെനസ്വേലൻ ജനതയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും മഡൂറോ പറഞ്ഞു. അമേരിക്കൻ പിന്തുണയോടെ സ്വയം ഇടക്കാല പ്രസിഡന്‍റായി അവരോധിച്ച ജുവാൻ ഗുഅയ്‌ഡോ ശനിയാഴ്ച വെനസ്വേലയിൽ തിരിച്ചെത്തിയിരുന്നു.

ഇതിനുമുന്നോടിയായി സർക്കാരിനെതിരെ ജനവികാരം ഉയർത്താനുള്ള ശ്രമമായിരുന്നു ഗുഅയ്‌ഡോയുടേത്. ഇതിനായി രാജ്യത്താകെ വൈദ്യുതി വിതരണം നടത്തുന്ന ഗുരി ജലവൈദ്യുത കേന്ദ്രത്തിൽ അമേരിക്കൻ പിന്തുണയോടെയാണ് സൈബർ ആക്രമണം നടത്തി. വൈദ്യുതി മുടക്കി സർക്കാരിനെ അട്ടിമറിക്കാൻ വന്നവരെ വെനസ്വേലക്കാർ ഒന്നിച്ചുനിന്ന് തോൽപ്പിച്ചുവെന്ന് മഡൂറോ പറഞ്ഞു.

ലോകം മുഴുവൻ അയാൾ പ്രസിഡന്‍റ് അല്ലെന്ന് പറഞ്ഞുകഴിഞ്ഞു. കോമാളിയായ പാവ മാത്രമാണ് ജുവാൻ ഗുഅയ്‌ഡോ-മഡൂറോ ആഞ്ഞടിച്ചു. ലക്ഷകണക്കിന് ജനങ്ങളാണ് മഡൂറോയ്ക്ക് പിന്തുണയുമായി പബ്ലിക് സ്‌ക്വയറിൽ എത്തിച്ചേർന്നത്.