കലയുടെ വെള്ളിക്കൊലുസണിഞ്ഞ് വെള്ളിനേഴി…

അസ്തമയ സൂര്യൻ മറയാൻ മടിക്കുന്ന സായാഹ്നങ്ങൾ… പൂർണ്ണചന്ദ്രനും കൂട്ടരും നേരത്തെയെത്തുന്ന രാവുകൾ… വിഷുകഴിഞ്ഞാലും ഇടറി കൊഴിയുന്ന കൊന്നപ്പൂക്കള്‍… ധനുവിനേയെത്തി മകരം കഴിഞ്ഞും മാഞ്ഞു പോകാൻ മനസുകാട്ടാത്ത മഞ്ഞുതുള്ളികളും…

കലാഗ്രാമം എന്ന വീരാളിപ്പട്ടും പുതച്ച് പ്രൗഡിയിൽ നിൽക്കുന്ന വെള്ളിനേഴിയോട് വിട പറയാൻ പ്രകൃതി പോലും മടി കാണിച്ചാൽ നമുക്കവരെ കുറ്റം പറയാനാവില്ലലോ…

ഇത് വെള്ളിനേഴി..

ഉടുത്തു കെട്ടിയ പച്ച വേഷം പോലെയെന്ന് ചരിത്രകാരൻ സർദാർ കെ.എം പണിക്കർ വിശേഷിപ്പിച്ച വെള്ളിനേഴി. മനയോല തേച്ച് ഉടുത്തുകെട്ടി ഉടുത്തു കെട്ടി കലാഗ്രാമപട്ടം പ്രൗഡിയോടെ ഏറ്റുവാങ്ങിയ വെള്ളിനേഴി ഇന്ന് കലയുടെ കനകസിംഹാസനത്തിലാണ്. ഇവിടുത്തെ നാട്ടിടവഴികൾക്കും വേലിപ്പടർപ്പുകൾക്കും, കല്ലിനും, മുള്ളിനും പോലുമുണ്ട് കലയുടെ കനക കാന്തി…

എഴുപതിലധികം നാടൻ കലാരൂപങ്ങളും, ഇരട്ടിലുമേറെ പ്രയോക്താക്കളുമുണ്ട് വെള്ളിനേഴിയിൽ. നാട്ടിടവഴികളിലൂടെ ഇറങ്ങി നടന്നാൽ അവ നമുക്ക് പറഞ്ഞ് തരും പച്ച വേഷത്തിന്‍റെ സാത്വികതയുടെ കഥ. താടി വേഷത്തിന്‍റെ അലർച്ചയുടെ ഗാംഭീര്യം… പുള്ളോർക്കുടത്തിൻറെ നാദവും ചെണ്ടമേളത്തിൻറ കോലനക്കവും തേടിയെത്തും.. ആയോധന കലയുടെ സീൽക്കാരവും കോപ്പുനിർമ്മാണത്തിന്‍റെയും, ശില്‍പചാതുര്യത്തിന്‍റെയും വൈദഗ്ദ്യവും കണ്ടും കേട്ടുമറിയാം. കലാഗ്രാമത്തിന്‍റെ വിശേഷങ്ങളുമായി  കിന്നാരം പറഞ്ഞൊഴുകുന്നുണ്ടിവിടെ കുന്തി പുഴയും…

കഥകളി, കൂടിയാട്ടം, ഓട്ടൻതുള്ളൽ, അയ്യപ്പൻവിളക്ക്, ചെണ്ടമേളം, പാന, പാവക്കൂത്ത്, പാങ്കളി, പുള്ളുവൻപാട്ട്, പഞ്ചവാദ്യം, പരിചമുട്ടുംകളി, കളമെഴുത്ത്, കർണാടകസംഗീതം, ഭഗവതിപ്പാട്ട്, തിറയും പൂതനും, നാടകം, സിനിമ, വാദ്യോപകരണനിർമാണം, കൊത്തുപണി, ചിത്രമെഴുത്ത്, തോൽപാവക്കൂത്ത്, ഏഴാംമുത്തി, മുറംപിടിച്ചാട്ടം, കൈക്കൊട്ടിക്കളി, പത്രപ്രവർത്തനം, പുസ്തകരചന, കഥാപ്രസംഗം, ജാലവിദ്യ… വെള്ളിനേഴിയിലെ കലാരൂപങ്ങളുടെ നിര അങ്ങിനെ നീണ്ടു പോകുന്നു.

കലയുടെ വെള്ളിവെളിച്ചം തേടും മുമ്പേ വെള്ളിനേഴിയുടെ ചരിത്രമൊന്നു പരിശോധിക്കാം.

ഭാരതപുഴയ്ക്കും, തൂതപുഴയ്ക്കും ഇടയിലുള്ള  കല്ലടിക്കോട് മാറാഞ്ചേരി പുറങ്ങ് വരെയുള്ള പ്രദേശങ്ങൾ എ.ഡി പത്താം നൂറ്റാണ്ട് വരെ നെടുങ്ങനാടിമാരുടെ ഭരണത്തിൻ കീഴിലുള്ള നെടുങ്ങനാട് ആയിരുന്നു. പത്താം നൂറ്റാണ്ടിന് ശേഷം ചേരൻമാരുമായി ബന്ധമുണ്ടെന്ന് കരുതുന്ന തിരുമുൽപ്പാടൻമാർ  നെടുങ്ങനാടൻമാരിൽ നിന്ന് ഭരണം ഏറ്റെടുത്തു. പതിനാലാം നൂറ്റാണ്ടിനടുത്ത് സാമൂതിരി നെടുങ്ങനാട് പിടിച്ചെടുക്കുമ്പോൾ തിരുമുൽപ്പാടുമായിരുന്നു ഭരണമെന്ന്  ലോഗന്‍റെ മലബാർ മാന്വലിൽ പറയുണ്ട്. എന്നാൽ വി.കെ വാലത്തിന്‍റെ ഉൾപ്പെടെ പാലക്കാട് ജില്ലയുടെ ചരിത്രമുള്ള ഗ്രന്ഥങ്ങളിലൊന്നും ഇന്നത്തെ കലാഗ്രാമം ഉൾപ്പെടുന്ന പ്രദേശങ്ങളെ കുറിച്ച് പരാമർശമില്ല. ഖിലാഫത്തുമായി ബന്ധപ്പെട്ടാണെങ്കിലും തൊട്ടടുത്ത പ്രദേശങ്ങളായ ചെർപ്പുളശ്ശേരി, കാറൽമണ്ണ, അമ്മിണിക്കാട്, പെരിന്തൽമണ്ണ, എലമ്പുലാശേരി എന്നീ സ്ഥലങ്ങളെ കുറിച്ച് പോലും പരാമർശമുണ്ട്. പക്ഷെ വെള്ളിനേഴി മാത്രം അന്നും സൗമ്യം, ശാന്തം…

രക്തരൂക്ഷിതങ്ങളായ ബാഹ്യസംഘട്ടനങ്ങളോ ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ  ആ ഇടങ്ങൾ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നുറപ്പ്. പക്ഷെ അന്നും വെള്ളിനേഴി കലയുടെ മാസ്മരിക പ്രഭയിൽ ജ്വലിച്ച് നിന്നതിനാൽ ഒന്നും ഇവിടേക്ക് കടന്നുവന്നില്ലെന്ന് വേണം കരുതാന്‍. അന്നും ഈ നാടിന് പ്രധാനം കലയും, കലാകാരൻമാരുമായിരുന്നെന്ന് ചുരുക്കം. നെടുങ്ങനാടിമാരും, തിരുമുൽപ്പാടുമാരും, സാമൂതിരിയും, വള്ളുവനാട് രാജാക്കൻമാരും, ടിപ്പുവും, മൈസൂർപ്പടയും, ഖിലാഫത്തും… പക്ഷെ ഒന്നിനും വെള്ളിനേഴിയെ പിടിച്ചുകുലുക്കാനായില്ല. കലയുടെ കനവും കരുത്തും ഉൾക്കൊണ്ട് വെള്ളിനേഴി അന്നും തലയുയർത്തി നിന്നതിന് ചരിത്രം സാക്ഷി.

കാലപ്രവാഹത്തിന്‍റെ കുത്തൊഴുക്കിലും കാലചക്രം വെള്ളിനേഴിയിലും തിരിഞ്ഞുകൊണ്ടിരുന്നു. പത്മശ്രീയും പത്മഭൂഷണും ഉൾപ്പെടെ വെള്ളിനേഴിയെ തേടിയെത്തിയത് നാല് പത്മ പുരസ്കാരങ്ങൾ.

വെള്ളിനേഴിയുടെ മാനസപുത്രൻ വാഴേങ്കട കുഞ്ചു നായർക്ക് 1970ല്‍ പത്മശ്രീ ലഭിച്ചു. 2004ല്‍  കീഴ്പ്പാടം കുമാരൻനായർക്ക് പത്മശ്രീ. 2007ൽ കലാമണ്ഡലം രാമൻകുട്ടിനായർക്ക് പത്മഭൂഷൻ, 2009ൽ മട്ടന്നൂർ ശങ്കരൻകുട്ടി മാർക്കും പത്മശ്രീ…

(തുടരും)

Vellinezhi
Comments (0)
Add Comment