പെരുമഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായി; കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Jaihind Webdesk
Sunday, June 2, 2024

 

മഞ്ചേരി: പെരുമഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികനായ ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽലത്തീഫിന്‍റെയും സഫിയയുടെയും മകൻ ഹംദാനാണ് (12) മരിച്ചത്. ലത്തീഫിന്‍റെ സഹോദരി ഹസീനാബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കു പരിക്കേറ്റു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. പാണ്ടിക്കാട്ടുനിന്ന് അരീക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കാറും എതിർദിശയിൽ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതാവിന്‍റെ സഹോദരി ഹസീനയുടെ വീട്ടിലേക്ക് വിരുന്നിനുപോയതായിരുന്നു ഹംദാൻ. സ്‌കൂൾ തുറക്കാനിരിക്കെ സ്വന്തം വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഹസീനയായിരുന്നു കാർ ഓടിച്ചിരുന്നത്.

ശക്തമായ മഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. ഓടിയെത്തിയ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹംദാനെ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ഹാസിം അമൽ, ഹാമിസ് മുഹമ്മദ് എന്നിവരെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനാബാനുവും ഹിസയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.