കോട്ടയത്ത് വണ്ടികളുടെ കൂട്ടയിടി; ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്ക്

Jaihind Webdesk
Sunday, April 24, 2022

 

കോട്ടയം: ചിങ്ങവനത്തിന് സമീപം പരുന്തുമ്പാറയ്ക്കും സദനം കവലയ്ക്കും ഇടയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. മിനി ആംബുലൻസും, ഓട്ടോറിക്ഷയും, ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.

അപകടത്തെ തുടർന്ന് ആംബുലൻസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൊല്ലാട് ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്‍റെ ഡ്രൈവർ രാജീവ് തോമസിനെ (38) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ എട്ടരയോടെ ചിങ്ങവനം – പരുന്തുമ്പാറ റോഡിൽ സദനംകവലയിൽ വില്ലേജ് ഓഫിസിന് മുന്നിലെ റോഡിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേക്ക് പോയ ലോറിയുടെ പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. വെട്ടിച്ചുമാറ്റിയ ആംബുലൻസ് മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു.