നഗരങ്ങളിൽ വ്യാജ വാഹന ലോബിയുടെ വിളയാട്ടം രൂക്ഷമാകുന്നു. മറ്റ് വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് വ്യാജന്മാർ വിലസുന്നത്. ഇതിൽ വെട്ടിലാകുന്നതാകട്ടെ യഥാർഥ വാഹന ഉടമകളും. വ്യാജ രജിസ്റ്റർ നമ്പറുമായി തന്നിഷ്ടം വിലസുന്ന വാഹനങ്ങൾ റോഡ് നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന്, പിഴയടയ്ക്കുന്നതിനുള്ള നോട്ടീസ് വീട്ടിൽ എത്തുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. ജയ്ഹിന്ദ് എക്സ്ക്ലൂസീവ്.
കോട്ടയം നഗരത്തിൽ വ്യാജ നമ്പറിലുള്ള വാഹനങ്ങൾ വ്യാപകമാവുകയാണ്. നിയമലംഘനത്തിനും മറ്റും പിടിയിലാകുന്ന വാഹനങ്ങളുടെ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാതെ അധികൃതർ നടപടി എടുക്കുമ്പോൾ നിരപരാധികളായ വാഹന ഉടമകളാണ് കെണിയിൽ ആകുന്നത്.
തിരുവല്ലയിൽ താമസക്കാരനായ കോട്ടയം അതിരമ്പുഴ സ്വദേശിയും തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനുമായ ഡിന്നി ജോർജിന് ഒരു ഫോൺ സന്ദേശം എത്തുന്നു. താങ്കളുടെ വാഹനം കോട്ടയം കളക്ട്രേറേറ്റിന് സമീപം നോ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തതായി കണ്ടെത്തിയെന്നും അതിന്‍റെ പിഴ അടയ്ക്കണമെന്നും ആയിരുന്നു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ സന്ദേശം. എന്നാല്‍ KL 5 AG 6869 എന്ന നമ്പരിലുള്ള തന്‍റെ വാഹനം അന്നേദിവസം വാഹനം കോട്ടയത്ത് എത്തിയിട്ടില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് താൻ തിരുവനന്തപുരത്തായിരുന്നെന്നും ഡിന്നി പറഞ്ഞെങ്കിലും ഈ വാദങ്ങളൊന്നും വിലപ്പോയില്ല. ഒന്നുകില്‍ പിഴ അടയ്ക്കുക, അല്ലെങ്കില്‍ കോടതിയില്‍ പോവുക എന്നതായിരുന്നു മറുപടി. ഗത്യന്തരമില്ലാതെ പിറ്റേ ദിവസം വാഹന ഉടമ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പിഴയടച്ചു. തുടർന്ന് വാഹനത്തിന്‍റെ ഫോട്ടോ ആവശ്യപ്പെട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. യമഹ റേ സ്കൂട്ടറിന് പകരം റെനോ ഡസ്റ്റർ കാര്‍ !
ഇക്കാര്യം കാണിച്ച് കോട്ടയം എസ്.പിക്കും ജോയിന്‍റ് ആർ.ടി.ഒയ്ക്കും പരാതി നൽകിയാണ് ഡിന്നി തിരുവല്ലയ്ക്ക് മടങ്ങിയത്. സംഭവം ഇവിടെയും അവസാനിക്കുന്നില്ല. ഇതേ വാഹനത്തിന്‍റെ പേരിൽ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് വീണ്ടും വിളിവന്നു. പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പരാതി നമ്പർ വച്ച് കേരളാ പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പെറ്റീഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്‌തെങ്കിലും ‘നോ റെക്കോർഡ്‌സ് ഫൗണ്ട്’ എന്നായിരുന്നു ലഭിക്കുന്ന മറുപടി. വ്യാജ നമ്പർ ഉപയോഗിച്ച് ഒരു വാഹനം രണ്ടുതവണ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ടുപിടിക്കാനായിട്ടില്ല എന്നതും ശ്രദ്ധയമാണ്.