വയനാടിന് തുണയേകാൻ രാഹുല്‍ ഗാന്ധിയുടെ ജീപ്പ്; ഊരുകളിലേയ്ക്ക് ഇനി ഡോക്ടറും മരുന്നും എത്തും

Jaihind News Bureau
Thursday, August 20, 2020

വയനാട്ടിലെ നൂൽപ്പുഴ ആരോഗ്യ കേന്ദ്രത്തിന് രാഹുൽഗാന്ധി എം പി നൽകിയ വാഹനം തുണയായി. കൊടും വനത്താൽ ചുറ്റപ്പെട്ട ആദിവാസി ജനവിഭാഗങ്ങൾക്ക് ഊരുകളിൽ തന്നെ ഡോക്ടറും മരുന്നും എത്തിത്തുടങ്ങി. നേരത്തെ പത്ത് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചായിരുന്നു ചികിത്സ ലഭ്യമായിരുന്നത്. ജീപ്പിൽ ആരോഗ്യ പ്രവർത്തകർ മരുന്ന് എത്തിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി.

നൂൽപുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന പത്ത് കിലോമീറ്റർ ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന ഇരുപതോളം കുടുംബങ്ങൾ കഴിയുന്ന ആദിവാസി കോളനികളാണ് ഓടകൊല്ലി കുറിച്യാഡ് ആദിവാസി കോളനികൾ. പത്ത് കിലോമീറ്റർ കാൽ നടയായി സഞ്ചരിച്ച് നൂൽപ്പുഴ ആരോഗ്യ കേന്ദ്രത്തിൽ എത്തിയാൽ മാത്രമേ ആദിവാസികൾക്ക് ചികിത്സ ലഭ്യമായിരുന്നുള്ളൂ. കോളനികളിലേക്ക് സാധാരണ ഗതിയിലുള്ള റോഡ് ഇല്ലാത്തതിനാൽ വാ ഹനങ്ങളിൽ ഡോക്ടർമാർക്ക് കോളനികളിൽ എത്തുക അതീവ ദുഷ്കരവുമാണ്. ഈ സാഹചര്യത്തിലാണ് കാടിനുള്ളിലൂടെ സഞ്ചരിക്കാവുന്ന തരത്തിലുള്ള ജീപ്പ് നൂൽപ്പുഴ ആരോഗ്യ കേന്ദ്രത്തിന് തന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രാഹുൽ ഗാന്ധി നൽകിയത്.

ഇതോടെ ഡോക്ടർക്കും സംഘത്തിനും കോളനികളിലേക്ക് നേരിട്ടെത്തി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ സാധിക്കുന്നുണ്ട്. മരുന്നും ഡോക്ടറും ആദിവാസി ഊരുകളിൽ എത്താൻ തുടങ്ങിയതോടെ ആദിവാസികളുടെ മുഖത്ത് സന്തോഷവും പ്രകടമാണ്.