ആലപ്പുഴയിൽ വാഹനാപകടത്തിൽ മൂന്ന് മരണം; അപകടം വിവാഹ നിശ്ചയത്തിന് പോയി മടങ്ങവെ; മരിച്ചവരില്‍ പ്രതിശ്രുത വരനും

Jaihind Webdesk
Friday, April 26, 2019

ആലപ്പുഴയിൽ വാഹന അപകടത്തിൽ മൂന്ന് മരണം. കെഎസ്ആർടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. 11 പേർക്ക് പരിക്കേറ്റു.

ആലപ്പുഴ കണിച്ചുകുളങ്ങര ദേശീയ പാതയിലായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരൻ ഉൾപ്പടെ മൂന്ന് പേർ മരിച്ചു.

കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രതിശ്രുതവരൻ വിനീഷ് (25), വിനീഷിന്‍റെ അമ്മയുടെ സഹോദരി പ്രസന്ന (55), പ്രസന്നയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് ഉദയകത്ത് തെക്കേതിൽ വീട്ടിൽ വിജയകുമാർ (38) എന്നിവരാണ് മരിച്ചത്. പൂവാറിൽ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മങ്ങുകയായിരുന്നു ടെമ്പോ ട്രാവലറിലുള്ള സംഘം. മൂന്നു കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 12 മണിയോടെ കണിച്ചുകുളങ്ങര ജങ്ഷനിൽ കാണിക്കവഞ്ചിക്ക് മുന്നിലാണ് അപകടം.

വിവാഹ നിശ്ചയം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റുമായിട്ടാണ് ഇടിച്ചത്. മുന്നിൽപോയ ഒരു വാഹനത്തെ മറികടന്ന വാൻ കെ.എസ്.ആർ.ടി.സി ബസ് വരുന്നത് കണ്ട് റോഡിന്‍റെ വലത് വശത്തേക്ക് വെട്ടിക്കുകയായിരുന്നു. വാനിന്‍റെ പിന്നിൽ ഇടത് ഭാഗത്താണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രാവലർ തകർന്നു.

പരിക്കേറ്റവരെ മാരാരിക്കുളം പോലീസും നാട്ടുകാരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പൊട്ടിയടർന്ന് ഒരുവശത്തേക്ക് മറിഞ്ഞ ടെമ്പോ ട്രാവലറിൽനിന്ന് വളരെ കഷ്ടപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്.

ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ വാഹനങ്ങളിലെത്തിയവരുംകൂടി ചേർന്നാണ് വാനിന്‍റെ ഭാഗങ്ങൾ പൊളിച്ച് എല്ലാവരെയും പുറത്തെടുത്തത്. മൂന്നുപേർ സംഭവസ്ഥത്തുതന്നെ മരിച്ചിരുന്നു.