സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു ; കരയിച്ച് സവാളയും ചെറിയ ഉള്ളിയും

Jaihind News Bureau
Thursday, October 22, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത്  പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളിക്കും സവാളക്കും വില കുതിച്ചുയരുകയാണ്. കേരളത്തിലേക്ക് പച്ചക്കറി ഇറക്കുമതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മഴ മൂലം വിളവെടുപ്പ് മുടങ്ങിയതാണ് വില ഉയരാന്‍ കാരണം.

രൂപയായിരുന്ന സവാളക്ക് മൊത്തവിതരണ കേന്ദ്രത്തില്‍ 80 രൂപയാണ് ഇപ്പോള്‍ വില. ഇത് ചെറുകിട വ്യാപാരികളിലേക്ക് എത്തുമ്പോള്‍ 90ന് മുകളില്‍ ആകും. 80 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോൾ വില 120  രൂപ. മറ്റു പച്ചക്കറികള്‍ക്കും ക്രമാതീതമായി വില ഉയര്‍ന്നിട്ടുണ്ട്.  ഒരു കിലോ ക്യാരറ്റിന് 100 രൂപ നൽകേണ്ടി വരുമ്പോൾ , ബീന്‍സിന് 80 ഉം കാബേജിന് 50 രൂപയും ബീറ്റ്റൂട്ടിന്  70 രൂപയുമാണ് ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ ഈടാക്കുന്നത്.

മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് സവാള കൂടുതലായി എത്തുന്നത്. ഉള്ളി എത്തുന്നത് തമിഴ്‌നാട് നിന്നുമാണ്. ഈ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി കനത്ത മഴ തുടരുന്നതാണ് പച്ചക്കറികളുടെ വരവ് നിലയ്ക്കാന്‍ കാരണം. വിലക്കയറ്റം കുറയ്ക്കാൻ നാഫെഡിൽ നിന്ന് ഉള്ളി സംഭരിച്ച് 40 രൂപയ്ക്ക് നൽകുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനം പുറത്തു വന്നിട്ടും വിപണി വിലയിൽ കാര്യമായ ചലനമുണ്ടായിട്ടില്ല. കൊവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിലവർധനവും ജനത്തെ വലയ്ക്കുമ്പോൾ കൃത്യമായ വിപണി ഇടപെടൽ ഇനിയും സർക്കാർ സാധ്യമാക്കിയിട്ടില്ല.