വീണാ വിജയന്‍ പ്രതിയായ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ സൂക്ഷ്മപരിശോധന ഇന്നുമുതല്‍

Jaihind News Bureau
Saturday, April 5, 2025

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയിലുള്ള എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന ഇന്ന് തുടങ്ങും. വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇതു പരിശോധിക്കുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്താ മുഖ്യമന്ത്രിയുടെ മകള്‍ വീണ, കമ്പനിയുടെമറ്റ് ഉദ്യോഗസ്ഥര്‍, കര്‍ത്തായുടെ ബന്ധുക്കള്‍ അടക്കമുളളവരെ പ്രതികളാക്കിയാണ് എസ്എഫ്‌ഐഒ കുറ്റപത്രം. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുക.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ലഭിച്ച റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7ന് കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയാണിത്. കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതോടെ നടപടികള്‍ക്ക് തുടക്കമാകും.