കേന്ദ്ര ആരോഗ്യ മന്ത്രിയുമായി മന്ത്രി വീണാ ജോര്‍ജ്ജ് നടത്തിയ ചര്‍ച്ചയ്ക്ക് തുടക്കം ആശമാരുടെ സമരമാണെന്ന് അഭിമാനമുണ്ടെന്ന് ആശാ വര്‍ക്കര്‍ പ്രതികരിച്ചു. ആശാ പ്രവര്‍ത്തകരുടെ അടക്കം കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര മന്ത്രിയെ അറിയിക്കാനാണ് മന്ത്രി വീണ ജോര്‍ജ്ജ് ഇന്ന് കൂടിക്കാഴ്ച നടത്തിയത്. എന്ന് മുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നോ എത്ര തുക ലഭിക്കുമെന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തയില്ലെന്നും അതിനാല്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഒരു പുതുമയുമില്ലെന്നും സമര നേതാവ് എസ്.മിനി വ്യക്തമാക്കി.
ആശമാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന വിഷയവും, കുടിശ്ശികയുടെ കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി എന്നാണ് മന്ത്രി വീണാ ജോര്‍ജ്ജ് പറയുന്നത്. ഇതില്‍ എന്ത് പുതുമയെന്നാണ് ആശമാര്‍ ചോദിക്കുന്നത്. ഓണറേറിയത്തെ കുറിച്ച് ചോദിക്കുമ്പോള്‍ മന്ത്രി പറയുന്നത് ഇന്‍സെന്റീവിനെക്കുറിച്ചെന്നും ആശമാര്‍ പറയുന്നു. എന്തായാലും 51 ദിനമായി തുടരുന്ന ആശമാരുടെ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അതി രൂക്ഷമായ പ്രതിഷേധം തന്നെയാവും ഉണ്ടാവുക. അത് നേരിടാന്‍ ആരോഗ്യ മന്ത്രിക്കും സര്‍ക്കാരിനും ചിലപ്പോള്‍ കഴിഞ്ഞില്ലെന്ന് വരും.