തൊട്ടതൊക്കെ കുളമാക്കി വീണ ജോര്‍ജ് ആരോഗ്യവകുപ്പിനെ അനാരോഗ്യ വകുപ്പാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. വീണ ജോര്‍ജ് അഭിനയിക്കുവാനും മിടുക്കിയാണെന്ന് തെളിയിക്കുകയാണ്. നവീന്‍ ബാബുവിന്റെ കൊലയാളിയെ സംരക്ഷിച്ച മന്ത്രിയാണ് വീണ ജോര്‍ജ്. മന്ത്രി അന്ന് കോട്ടയത്ത് ഇല്ലായിരുന്നെങ്കില്‍ ബിന്ദുവിന്റെ ജീവന് രക്ഷപ്പെടുമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ആരോഗ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം പുകയുകയാണ്. ഷീള്‍ഡ് ഉപയോഗിച്ചാണ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത്. ബാരിക്കേഡിനു മുകളില്‍ കയറി വരെയാണ് പ്രതിഷേധം നടത്തിയത്. പിന്നീട് സംഘര്‍ഷാവസ്ഥ മറ്റൊരു തലത്തിലേക്ക് പോവുകയും പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ജലപീരങ്കി പ്രയോഗവും കാര്യങ്ങള്‍ വഷളാക്കി. ജെബി മേത്തര്‍ എംപി അടക്കമുള്ള നേതാക്കളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.