വീക്ഷണം അരനൂറ്റാണ്ടിലേക്ക്; സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച തിരിതെളിയും; ഉദ്ഘാടകനായി സ്ഥാപകന്‍ എ.കെ. ആന്റണി

Jaihind News Bureau
Wednesday, February 11, 2026

തിരുവനന്തപുരം: കേരളത്തിലെ മാധ്യമരംഗത്ത് വ്യത്യസ്തമായ ഇടം നേടി അരനൂറ്റാണ്ട് പിന്നിടുന്ന ‘വീക്ഷണം’ ദിനപത്രത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 16 തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10.30ന് തിരുവനന്തപുരം ഇന്ദിരാഭവനില്‍ നടക്കുന്ന ചടങ്ങില്‍ വീക്ഷണത്തിന്റെ സ്ഥാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് വീക്ഷണം മാനേജിങ് ഡയറക്ടറും കെപിസിസി വൈസ് പ്രസിഡന്റുമായ അഡ്വ. ജയ്സണ്‍ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സുവര്‍ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ വീക്ഷണം ചെയര്‍മാനും കെപിസിസി പ്രസിഡന്റുമായ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ. സുധാകരന്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരന്‍, എം.എം ഹസന്‍, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വീക്ഷണം മുന്‍ എംഡി ബെന്നി ബഹന്നാന്‍ എംപി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവരും സംബന്ധിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലുമായി സെമിനാറുകളും സംവാദങ്ങളും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള അവാര്‍ഡ് വിതരണവും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
1976 ഫെബ്രുവരി 11ന് കെപിസിസി നേതൃത്വത്തിന്റെ സ്വപ്നസാക്ഷാത്കാരമായി അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് വീക്ഷണം ഉദ്ഘാടനം ചെയ്തത്. കെപിസിസി പ്രസിഡന്റായിരുന്ന എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഫണ്ട് ശേഖരണവും പ്രവര്‍ത്തകരുടെ കൂട്ടായ്മയുമാണ് പത്രത്തിന് ശക്തമായ അടിത്തറയിട്ടത്. കേരളം മുഴുവന്‍ യാത്ര നടത്തി പത്രത്തിന് വേണ്ടി ഫണ്ട് സമാഹരിക്കാന്‍ എ.കെ ആന്റണി മുന്‍കൈ എടുത്തു. അന്ന് പത്രത്തിന്റെ സ്ഥാപകനായിരുന്ന വ്യക്തി തന്നെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു എന്നത് അപൂര്‍വമായ മുഹൂര്‍ത്തമാണെന്നും അഡ്വ. ജയ്സണ്‍ ജോസഫ് പറഞ്ഞു.

ആദ്യ പത്രാധിപര്‍ സി.പി ശ്രീധരന്റെ ബൗദ്ധിക നേതൃത്വവും പത്രപ്രവര്‍ത്തക സംഘത്തിന്റെ അര്‍പ്പണ മനോഭാവവും വീക്ഷണത്തെ മുഖ്യധാരാ പത്രങ്ങളിലൊന്നായി ഉയര്‍ത്തി. അഞ്ചു ദശകങ്ങളിലായി സാമൂഹികനീതി, ജനാധിപത്യം, മതേതരത്വം എന്നീ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടുകളാണ് വീക്ഷണം സ്വീകരിച്ചിട്ടുള്ളത്. വിവരസാങ്കേതിക വിദ്യയുടെ മാറ്റങ്ങളും മാധ്യമരംഗത്തെ കടുത്ത മത്സരവും നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ വിശ്വാസ്യതയും വായനക്കാരുമായുള്ള ബന്ധവുമാണ് പത്രത്തെ നിലനിര്‍ത്തുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പതിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.