പൂരം കുടയില്‍ സവർക്കറുടെ ചിത്രം; വിവാദമായതോടെ പിന്‍വലിച്ചു

 

തൃശൂർ : വിവാദമായതോടെ സവര്‍ക്കറുടെ ചിത്രമുള്ള കുട പൂരം കുടമാറ്റത്തില്‍ നിന്ന് ഒഴിവാക്കി. പാറമേക്കാവ് വിഭാഗം പുറത്തിറക്കിയ ആസാദി കുടയാണ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്.  സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെയും രാജ്യത്തെ നവോത്ഥാന നായകരുടെയും ചിത്രങ്ങൾക്കൊപ്പമാണ് ആര്‍എസ്എസ് ആചാര്യന്‍ സവര്‍ക്കറുടെ ചിത്രവും ഇടം പിടിച്ചത്.

പാറമേക്കാവ് വിഭാഗത്തിന്‍റെ ആനച്ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി നേതാവ് സുരേഷ് ഗോപിയാണ് ആസാദിക്കുട പ്രദർശിപ്പിച്ചത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം സവര്‍ക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിനെ ലജ്ജാകരം എന്നാണ് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ വിശേഷിപ്പിച്ചത്. ചരിത്രത്തെയും സ്വാതന്ത്ര്യസമരത്തെയും അപമാനിക്കാനുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നു. സമൂഹമാധ്യമങ്ങളിലും വിഷയം സജീവമായി. വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വിവാദ കുട പിന്‍വലിച്ചത്.

Comments (0)
Add Comment