കോടിയേരിയും ആന്‍റണി രാജുവും എംഎം മണിയും അതിജീവിതയോട് മാപ്പ് പറയണം : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, May 26, 2022

സിപിഎം നേതാക്കൾ അതിജീവിതയെ വളഞ്ഞ് വച്ചാക്രമിച്ചെന്നും നിവർത്തിയില്ലാതെയാണ് അതിജീവിത കോടതിയിൽ പോയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോകാതിരിക്കുന്ന അവസ്ഥയിലാണ് അതിജീവിതകോടതിയിൽ പേയത്. അതിജീവിത കോടതിയിലേക്ക് പോയത് യുഡിഎഫിന്‍റെ തലയിൽ കെട്ടിവെച്ചു. അപമാനിച്ചതില്‍ അതിജീവിതയോട് കോടിയേരി , ആൻറണി രാജു, എം എം മണി എന്നിവർ  മാപ്പ് പറയണം. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം പിസി ജോർജിന്‍റെ  അറസ്റ്റ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ  പശ്ചാത്തലത്തിലുള്ള നാടകമാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. തൃക്കാക്കരയിൽ ആർഎസ്എസിന്‍റേയും എസ്ഡിപിഐ യുടേയും വോട്ട് ലഭിക്കാനുള്ള വിലപേശലിലായിരുന്നു ഭരണപക്ഷം. ഇതുവരെ മുഖ്യമന്ത്രി എവിടെയായിരുന്നു? വിദ്വേഷ പ്രസംഗത്തില്‍ പ്രതിപക്ഷം ശക്തമായ നിലപാട് എടുത്ത ശേഷമാണ് വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്.  മുൻപ് പിസി ജോർജിന് ജാമ്യം ലഭിച്ചത് സർക്കാരിന്‍റെ  പിടിപ്പുകേട് കൊണ്ടാണെന്നും സംഘപരിവാറിന് പി.സിയെ പൂക്കളിട്ട് സ്വീകരിക്കാൻ  പോലീസ് സഹായം നൽകിയെന്നും അദ്ദേഹം വിമർശിച്ചു.