സംസ്ഥാനത്തെ കൊവിഡ് മരണ കണക്കില്‍ ആശയക്കുഴപ്പം ; ഐസിഎംആര്‍ മാനദണ്ഡം കേരളം തെറ്റായി വ്യാഖ്യാനിച്ചു : പ്രതിപക്ഷ നേതാവ്

സംസ്ഥനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും മരണ കണക്കിലെ അവ്യക്തത നീക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡ് മരണത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വരുമ്പോഴും സംസ്ഥാനത്തെ മരണ കണക്കില്‍ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചത് .

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 13235 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും ചികിത്സയ്ക്കിടെ നെഗറ്റീവ് ആകുകയും ചെയ്തവരുണ്ട്. ഇവരില്‍ പലരും പിന്നീട് മരിച്ചെങ്കിലും കൊവിഡ് മരണമായി ഉള്‍പ്പെടുത്തുന്നില്ല. ഇത് നഷ്ടപരിഹാരം ലഭിക്കുന്നത് ഇല്ലാതാക്കാന്‍ ഇടയാക്കും.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നേരത്തെയുള്ള മരണങ്ങളില്‍ പുനപ്പരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു‍. കൊവിഡ് നെഗറ്റീവായതിന് ശേഷം മരണം സംഭവിച്ചു എന്നതിന്‍റെ പേരില്‍ ഒരു കുടുംബത്തിനും നഷ്ടപരിഹാരം നിഷേധിക്കപ്പെടരുത്. ഐസിഎംആര്‍ മാനദണ്ഡം കേരളം തെറ്റായി വ്യാഖ്യാനിച്ചെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

 

Comments (0)
Add Comment