തിരുവനന്തപുരം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് ഇരയായവരുടെ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ചിട്ടി കമ്പനി ഉടമകള്‍ മുപ്പതിനായിരത്തോളം പേരില്‍ നിന്നും 2000 കോടിയോളം രൂപയാണ് തട്ടിയെടുത്ത്.
പോപ്പുലര്‍ സ്ഥാപനങ്ങളുടെയും അതിന്റെ നടത്തിപ്പുകാരുടെയും അവരുടെ ബിനാമികളായി പ്രവര്‍ത്തിക്കുന്നവരുടെയും പേരിലുള്ള ബാങ്ക് നിക്ഷേപങ്ങള്‍, സ്ഥാവര ജംഗമ സ്വത്തുക്കള്‍, ബ്രാഞ്ചുകളില്‍ ഉള്ള പണവും സ്വര്‍ണവും, ആഡംബര കാറുകള്‍, നശിച്ചു പോകാനിടയുള്ള മറ്റു വസ്തുക്കള്‍ എന്നിവ കാലഹരണപ്പെട്ടു പോകുന്നതിനു മുന്‍പായി കണ്ടു കെട്ടി, ലേലം ചെയ്ത് പണം നഷ്ടമായവര്‍ക്ക് നല്‍കണം. പെന്‍ഷന്‍ തുകയും സ്ഥലം വിറ്റുകിട്ടിയ പണവും നിക്ഷേപിച്ച പാവങ്ങളും സാധാരണക്കാരുമാണ് തട്ടിപ്പിന് ഇരയായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.