മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളം പരാജയപ്പെട്ടു; മുഖ്യമന്ത്രി ഇനിയെങ്കിലും മൗനം വെടിയണം : പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി കേരളത്തെ പരിഹസിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.

2014 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മേല്‍നോട്ട സമിതി രൂപീകരിച്ചത് കേരളത്തിന്‍റെ നേട്ടമായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്‍റെ പ്രശ്‌നങ്ങള്‍ മേല്‍നോട്ട സമിതിയില്‍ കൃത്യമായി ഉന്നയിക്കപ്പെട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മേല്‍നോട്ട സമിതിയില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കാതെ എന്തിനാണ് കോടതിയിലേക്ക് വരുന്നതെന്നാണ് സുപ്രീം കോടതി ചോദിച്ചത്. മേല്‍നോട്ട സമിതിയില്‍ കേരളത്തിന്‍റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സതീശന്‍ വിമർശിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിന് ഉത്തരവാദികള്‍ ആരാണെന്ന് അന്വേഷിക്കണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി മൗനം വെടിയാന്‍ ഇനിയെങ്കിലും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Comments (0)
Add Comment